നൈജീരിയയിൽ കത്തോലിക്കാവൈദികൻ കൊല്ലപ്പെട്ടു
Monday, March 10, 2025 1:52 AM IST
അബുജ: വടക്കൻ നൈജീരിയയിലെ കദുന സംസ്ഥാനത്ത് അക്രമികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഫഞ്ചൻ അതിരൂപതാംഗമായ ഫാ. സിൽവെസ്റ്റർ ഒകെചുക്വു(45)വാണ് കൊല്ലപ്പെട്ടത്.
അതിരൂപതയിലെ തച്ചിറയിലുള്ള സെന്റ് മേരീസ് ഇടവകയിലെ വൈദികമന്ദിരത്തിൽനിന്ന് കഴിഞ്ഞ നാലിന് അക്രമികൾ തട്ടിക്കൊണ്ടുപോയ ഫാ. സിൽവസ്റ്ററിനെ വിഭൂതി ബുധനാഴ്ചയാണു കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
ഫാ. സിൽവെസ്റ്ററിന്റെ കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. അദ്ദേഹത്തെ കൊലചെയ്തവർക്കായുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്ന് കദുന സംസ്ഥാനത്തെ പോലീസ് മേധാവികൾ അറിയിച്ചു.
തെക്കൻ നൈജീരിയയിലെ എഡോ സംസ്ഥാനത്തുള്ള ഔചി രൂപതയിലെ ഫിലിപ്പ് എകേലി എന്ന വൈദികനെയും പീറ്റർ ആൻഡ്രൂ എന്ന വൈദികവിദ്യാർഥിയെയും കഴിഞ്ഞ രണ്ടിന് അർധരാത്രി അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. നൈജീരിയയിലെ യോല, ജലിങ്കോ രൂപതകളിൽനിന്നായി ഫെബ്രുവരി 22ന് തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു രണ്ടു വൈദികരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഭീകരസംഘടനകളുടെ പിന്തുണയുള്ള സായുധഗ്രൂപ്പുകൾ നൈജീരിയയിൽ ക്രൈസ്തവർക്കു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.