രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ജോലിയായി കണക്കാക്കാൻ സാധിക്കില്ല: സുപ്രീംകോടതി
Tuesday, September 16, 2025 1:51 AM IST
ന്യൂഡൽഹി: രാഷ്ട്രീയപാർട്ടിയിൽ ചേരുന്നത് ഒരു ജോലിയായി കണക്കാക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി. രാഷ്ട്രീയപാർട്ടിയിൽ ചേരുന്പോൾ ശന്പളം ലഭിക്കുന്നില്ല. അതിനാൽ അതൊരു ജോലിയായി കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനു പാസാക്കിയ പോഷ് നിയമം 2013 പ്രകാരം ലൈംഗികപീഡന പരാതികൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് ആഭ്യന്തര പരാതി സമിതി നിർബന്ധമല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ കെ വിനോദ് ചന്ദ്രൻ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് ശരിവച്ചു.
നിയമത്തിൽ പരാമർശിച്ചിരിക്കുന്ന തൊഴിലിടം എന്ന നിർവചനത്തിന്റെ പരിധിയിൽ രാഷ്ട്രീയപാർട്ടികളെ കൊണ്ടുവരാൻ സാധിക്കില്ലെന്നാണു കോടതിയുടെ കണ്ടെത്തൽ. പോഷ് നിയമപ്രകാരം പരാതി നൽകാൻ ഒരു സ്ത്രീ സ്ഥാപനത്തിൽ ജോലിചെയ്യേണ്ട ആവശ്യമില്ലെന്നും രാഷ്ട്രീയപാർട്ടികൾ ഒരു സംഘടിത സംവിധാനത്തിലാണു പ്രവർത്തിക്കുന്നതെന്നുമാണ് ഹർജിക്കാർ വാദിച്ചത്.
അതിനാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. നേരത്തേ രാഷ്ട്രീയ പാർട്ടികളെ പോഷ് നിയമത്തിന്റെ കീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇതേ ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ ആദ്യ ഹർജി പിൻവലിക്കുകയായിരുന്നു.