"ക്രമക്കേടുണ്ടായാൽ ഇടപെടും '; ബിഹാർ എസ്ഐആറില് സുപ്രീംകോടതി
Tuesday, September 16, 2025 1:51 AM IST
ന്യൂഡൽഹി: ബിഹാറിൽ അന്തിമ വോട്ടർപട്ടിക തയാറായാലും അതിൽ എന്തെങ്കിലും നിയമവിരുദ്ധത ബോധ്യപ്പെട്ടാൽ ഇടപെടുമെന്ന് സുപ്രീംകോടതി.
ബിഹാർ എസ്ഐആറുമായി ബന്ധപ്പെട്ട് രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് രാജ്യവ്യാപകമായി ബാധകമാകുമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.
എസ്ഐആർ രാജ്യവ്യാപകമായി നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതിനു പിന്നാലെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ബിഹാറിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുന്ന ഒക്ടോബർ ഒന്നിനുമുന്പ് വിഷയത്തിൽ വാദം കേൾക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഈ മാസം അവസാനത്തോടെ കോടതി ഒരാഴ്ചത്തേക്ക് അവധിയിൽ പ്രവേശിക്കുന്നതിനാൽ ഒക്ടോബർ ഏഴിന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അന്ന് രാജ്യവ്യാപക എസ്ഐആറുമായി ബന്ധപ്പെട്ട ഹർജിക്കാരുടെ വാദങ്ങളും കോടതി പരിഗണിക്കും.
നേരത്തേ കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് സ്ഥാനാർഥി നാമനിർദേശം നൽകുന്നതുവരെ ഉന്നയിക്കാമെന്നും പരിഗണിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമപട്ടിക പ്രസിദ്ധപ്പെടുത്തിയതിനുശേഷം മാത്രമേ പരാതികൾ സ്വീകരിക്കപ്പെടുകയുള്ളൂവെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
ആധാർ ഉത്തരവിൽ പരിഷ്കാരമില്ല
യോഗ്യത തെളിയിക്കുന്ന രേഖകൾക്കൊപ്പം ആധാർ ഉൾപ്പെടുത്താമെന്ന സെപ്റ്റംബർ എട്ടിലെ ഉത്തരവ് പരിഷ്കരിക്കാൻ കോടതി വിസമ്മതിച്ചു. മുൻ ഉത്തരവ് താത്കാലിക നിർദേശം മാത്രമാണെന്നും യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ സാധുത ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ആധാർ വ്യാജമായി നിർമിക്കപ്പെടാമെന്നും അതിനാൽ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണു കോടതിയെ സമീപിച്ചത്. ബിഹാർ എസ്ഐആറുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.