ബീഡി പരാമർശം ചർച്ചയാക്കി പ്രധാനമന്ത്രി
Tuesday, September 16, 2025 1:51 AM IST
പുർണിയ: ബിഹാറിനെ ബീഡിയുമായി സമൂഹമാധ്യമത്തില്‍ താരതമ്യപ്പെടുത്തിയ സംഭവം എടുത്തുപറഞ്ഞ് കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിഹാറിൽ ദുർഭരണം നടത്തിയ ചരിത്രമുള്ള ആർജെഡിക്കും കോൺഗ്രസിനും നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്മമാരും സഹോദരിമാരും ഉചിതമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിന്തുണച്ചിരുന്നവരാണ് പ്രതിപക്ഷമെന്നും അത്തരക്കാരെ എൻഡിഎ ആട്ടിയോടിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിൽ നടത്തിയ റാലിയിൽ അദ്ദേഹം ആരോപിച്ചു.
“ബിഹാറിന്റെ വികസനം ആർജെഡിക്കും കോൺഗ്രസിനും ദഹിക്കുന്നില്ല. പാവപ്പെട്ടവരെ പിന്തുണയ്ക്കുകയെന്നതാണ് മോദിയുടെ നയം. നാല് കോടി ജനങ്ങൾക്ക് കെട്ടുറപ്പുള്ള സ്ഥിരം വീടുകൾ ഞങ്ങൾ നൽകിക്കഴിഞ്ഞു.
മൂന്നു കോടി വീടുകൾ കൂടി നിർമാണഘട്ടത്തിലാണ്”, മോദി പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി ദേശീയ മഖാന ബോർഡ് രൂപീകരിക്കാനുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചതായും അദ്ദേഹം അറിയിച്ചു.