ദുർഗിനു പുറമേ ബിലാസ്പുരിലും ക്രൈസ്തവരെ ആക്രമിച്ചു
Tuesday, September 16, 2025 1:51 AM IST
ബിലാസ്പുർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിനു പുറമേ ബിലാസ്പുരിലും ക്രൈസ്തവർ കൂട്ട ആക്രമണത്തിനു വിധേയരായി.
ബിലാസ്പുരിൽ പ്രാർഥനായോഗത്തിൽ പങ്കെടുത്ത മുന്നൂറോളം വരുന്ന ക്രൈസ്തവരെ മതപരിവർത്തനത്തിന്റെ പേരിൽ സംഘപരിവാര്‍ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
ഇതിനു പിന്നാലെ പോലീസ് പക്ഷപാത നിലപാടു സ്വീകരിച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഏഴ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരേ മാത്രം കേസെടുത്ത പോലീസ് നടപടിയെ വിശ്വാസികൾ ചോദ്യംചെയ്തു.
കള്ളക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനു ക്രൈസ്തവ വിശ്വാസികള്‍ പോലീസ് സ്റ്റേഷന് വളയുകയും ചെയ്തു. ഇതിനിടെ, ക്രൈസ്തവർക്കെതിരേ കടുത്ത നടപടിയാവശ്യപ്പെട്ട് മറുവിഭാഗവും പോലീസ് സ്റ്റേഷനു മുന്നിലെത്തി. ഇരുവിഭാഗവും പത്തു മണിക്കൂറോളം പോലീസ് സ്റ്റേഷനു മുന്നില്‍ തുടര്‍ന്നുവെങ്കിലും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
സംഘപരിവാർ നടത്തിയ കല്ലേറിൽ 13 പേർക്കു പരിക്കേറ്റു. മാതാ ചൗര ചൗക്കിലെ ഒരു ഭവനത്തിലാണു കഴിഞ്ഞ ഞായറാഴ്ച ക്രൈസ്തവർ പ്രാർഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. പിന്നാലെ പ്രദേശവാസികളായ ചിലർ ബജ്രംഗ്ദൾ പ്രവർത്തകരെ ബന്ധപ്പെടുകയും മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നതായി അറിയിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് പാസ്റ്ററിനോട് പുറത്തുവരാൻ സംഘടിച്ചെത്തിയ ബജ്രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇദ്ദേഹം പുറത്തെത്തിയതോടെ കല്ലേറു തുടങ്ങി. കല്ലേറിൽ ക്രൈസ്തവ വിശ്വാസികളായ പത്തുപേർക്കും മൂന്നു ബജ്രംഗ് ദൾ പ്രവർത്തകർക്കുമാണ് കല്ലേറിൽ പരിക്കേറ്റത്.
ഞായറാഴ്ച ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർഥനായോഗം നടന്നുകൊണ്ടിരിക്കേ ഒരുസംഘം ബജ്രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനു ചുറ്റും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയും സുവിശേഷപ്രസംഗകരെ മർദിക്കുകയും ചെയ്തിരുന്നു. തീവ്ര ഹിന്ദുസംഘടനാ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.