വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾക്ക് സ്റ്റേ
Tuesday, September 16, 2025 1:51 AM IST
സനു സിറിയക്
ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. നിയമത്തിന് പൂർണമായ സ്റ്റേ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിസ് ജോർജ് മസിഹ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചില വ്യവസ്ഥകൾക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ഏർപ്പെടുത്തിയത്.
നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്റെയും ഹർജിക്കാരുടെയും വാദം മേയ് 22ന് പൂർത്തിയായിരുന്നു. പ്രഥമദൃഷ്ട്യാലുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തതെന്നും, വിഷയത്തിൽ അന്തിമ വാദം കേൾക്കുന്പോൾ ഈ വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്യുന്നതിൽ തടസമില്ലെന്നും കോടതി വ്യക്തമാക്കി.
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഒരു നിയമനിർമാണം കോടതിക്കു സ്റ്റേ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് ഇടക്കാല ഉത്തരവ് പ്രസ്താവിക്കുന്നതിനുമുന്പായി ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
നിയമത്തിലെ ചില വ്യവസ്ഥകളാണ് അടിസ്ഥാനപരമായി വെല്ലുവിളിക്കപ്പെട്ടത്. നിയമത്തിലെ മുഴുവൻ വ്യവസ്ഥകളും സ്റ്റേ ചെയ്യാൻ ഒരു കേസുമെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
1923 മുതലുള്ള നിയമനിർമാണത്തിന്റെ ചരിത്രം പരിശോധിച്ച കോടതി, ഓരോ വകുപ്പിലും പ്രഥമദൃഷ്ട്യാ ഉന്നയിച്ച എതിർപ്പ് കേട്ടുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നിയമത്തിലെ എല്ലാ വ്യവസ്ഥകളും സ്റ്റേ ചെയ്യണമെന്ന അഭിപ്രായമില്ലെന്നും വ്യക്തമാക്കി.
ഏപ്രിൽ നാലിനാണു വിവിധ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ വഖഫ് ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. ഉടൻതന്നെ നിയമം സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണു കേസ് ആദ്യം പരിഗണിച്ചത്.
എന്നാൽ, വിരമിക്കുന്നതിനുമുന്പ് വിഷയത്തിൽ തീർപ്പ് കൽപിക്കാൻ സാധിക്കില്ലെന്നു വ്യക്തമാക്കി പുതിയ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് റഫർ ചെയ്യുകയായിരുന്നു. സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വാദം കേട്ടെങ്കിലും ഇടക്കാല ഉത്തരവുണ്ടായില്ല.
പിന്നീട് തുടർച്ചയായ മൂന്നു ദിവസത്തെ വാദത്തിനുശേഷം പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയാണ് ഇടക്കാല ഉത്തരവ് നൽകിയത്.
സ്റ്റേ ചെയ്ത വ്യവസ്ഥകൾ
വഖഫ് ചെയ്യാൻ അഞ്ചു വർഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ
ഒരാൾക്കു തന്റെ സ്വത്തുക്കൾ വഖഫായി സമർപ്പിക്കണമെങ്കിൽ അഞ്ചു വർഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന നിയമത്തിലെ ഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒരാൾ ഇസ്ലാം മതം അനുഷ്ഠിക്കുന്നുണ്ടോ ഇല്ലയോ എന്നു പരിശോധിക്കാനുള്ള സംവിധാനം ഒരുക്കി സർക്കാർ ചട്ടങ്ങൾ നിർമിക്കുന്നതു വരെയാണ് സ്റ്റേ.
വഖഫ് തർക്കത്തിൽ കളക്ടർക്കു തീർപ്പ് കൽപിക്കാൻ സാധിക്കില്ല
വഖഫ് സ്വത്തുക്കളുടെ പേരിൽ വഖഫ് ബോർഡും സർക്കാരും തമ്മിലുള്ള തീരുമാനം കൽപിക്കാൻ കളക്ടർക്കു സാധിക്കില്ല. വഖഫ് സ്വത്തിൽ തർക്കമുയർന്ന് അന്വേഷണം ആരംഭിച്ചാൽ ആ വസ്തുവിന് വഖഫ് പദവി നഷ്ടമാകുമെന്ന വ്യവസ്ഥയും കോടതി സ്റ്റേ ചെയ്തു. വഖഫ് ട്രൈബ്യൂണൽ വഖഫിന്റെ കാര്യത്തിൽ തീർപ്പ് കൽപിക്കുന്നതുവരെ മൂന്നാമതൊരു കക്ഷി തർക്കത്തിൽ ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.
ബോർഡുകളിൽ അമുസ്ലിംകൾക്കു പരിധി നിശ്ചയിച്ചു
സംസ്ഥാന വഖഫ് ബോർഡുകളിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയതു റദ്ദാക്കാൻ കോടതി തയാറായില്ല. എന്നാൽ മൂന്നിലേറെ അമുസ്ലിംകൾ സംസ്ഥാന ബോർഡിലും നാലിലേറെ അമുസ്ലിംകൾ കേന്ദ്ര വഖഫ് കൗണ്സിലിലും ഉണ്ടാകരുതെന്ന് ഉത്തരവിട്ടു. സംസ്ഥാന വഖഫ് ബോർഡിന്റെ സിഇഒ ആയി മുസ്ലിം അല്ലാത്ത ഒരാളെ അനുവദിക്കുന്ന വ്യവസ്ഥയിൽ ഇടപെടാതിരുന്ന കോടതി കഴിയുന്നതും മുസ്ലിം വിഭാഗത്തിൽനിന്നുള്ളയാളെ ഉൾപ്പെടുത്തണമെന്നു നിർദേശിച്ചു.
വഖഫ് രജിസ്ട്രേഷൻ സ്റ്റേ ചെയ്തില്ല
വഖഫ് രജിസ്ട്രേഷൻ നിർബന്ധമാക്കിയ വ്യവസ്ഥ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.1995 മുതൽ 2013 വരെ വ്യവസ്ഥ നിലവിലുണ്ടായിരുന്നുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.