മരണത്തിനുമുന്പ് ആശുപത്രിയിൽ വൈദ്യസഹായം; അഞ്ചുവർഷത്തിനിടെ കേരളത്തിൽ വൻ ഇടിവ്
Tuesday, September 16, 2025 1:51 AM IST
സീനോ സാജു
ന്യൂഡൽഹി: മരണത്തിനുമുന്പ് ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായവരുടെ ശതമാനത്തിൽ കേരളത്തിൽ ഇടിവെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്.
രാജ്യത്തെ രജിസ്ട്രാർ ജനറലിന്റെ ഓഫീസും സെൻസസ് കമ്മീഷണറും ചേർന്നു തയാറാക്കിയ 2023ലെ സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ടിലാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ അഞ്ചു വർഷത്തിനിടെ വൻ ഇടിവുണ്ടായിട്ടുള്ളതായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ഈ മാസമാദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ 2018ലെയും ഏറ്റവുമൊടുവിൽ വിവരങ്ങൾ ലഭ്യമായ 2023ലെയും കണക്കുകൾ താരതമ്യപ്പെടുത്തുന്പോഴാണ് ശതമാനക്കണക്കിൽ കേരളം പിന്നോട്ടുപോയിട്ടുള്ള കാര്യം വ്യക്തമാകുന്നത്.
റിപ്പോർട്ടിലെ കണക്കുകൾപ്രകാരം 2018ൽ കേരളത്തിൽ മരിച്ച 79.6 ശതമാനം പേർക്കും സർക്കാർ ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ മരണത്തിനുമുന്പ് വൈദ്യസഹായം ലഭിച്ചിരുന്നു. രാജ്യത്ത് ഇത് 2018ൽ 47.8 ശതമാനം മാത്രം നിൽക്കെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും മുൻപന്തിയിലുമായിരുന്നു കേരളം.
സംസ്ഥാനത്ത് ഈ ശതമാനം 2019ലും 2020ലും 80.7 ആയി വർധിച്ചുവെങ്കിലും 2021ൽ ഒറ്റയടിക്ക് കൂപ്പുകുത്തി 56.1ലേക്ക് വീണൂ. 2022ൽ ഇത് 55.7 ആയി വീണ്ടും കുറഞ്ഞുവെന്നും 2023ൽ ഇത് അല്പം ഭേദപ്പെട്ട് 57.4 ആയെന്നുമാണ് 2023ലെ എസ്ആർഎസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ രാജ്യത്തും അഞ്ചു വർഷത്തിനിടെ കുറവുണ്ട്. 2023ൽ രാജ്യത്ത് 39.9 ശതമാനം പേർക്കു മാത്രമാണ് മരണത്തിനുമുന്പ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായത്.
2023ലും ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ രാജ്യത്ത് ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനം കേരളമാണെങ്കിലും അഞ്ചു വർഷത്തിനിടെ ഏകദേശം 27.9 ശതമാനം ഇടിവാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ആശുപത്രികളിൽ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനത്തിൽ സംസ്ഥാനത്തും രാജ്യത്തുടനീളവും വർധനയുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നതെങ്കിലും എന്തുകൊണ്ടാണ് ഈ ഇടിവെന്ന് എസ്ആർഎസ് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. കേരളത്തിലെ നഗരപ്രദേശങ്ങളെ അപേക്ഷിച്ചു ഗ്രാമീണമേഖലകളിലാണ് ഈ ഇടിവ് ഏറ്റവും കൂടുതലുണ്ടായിരിക്കുന്നത്.
2018ൽ മരിക്കുന്നതിനുമുന്പ് ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായിരുന്നവരുടെ ശതമാനം കേരളത്തിലെ ഗ്രാമീണമേഖലകളിൽ 86.2 ശതമാനമായിരുന്നുവെങ്കിലും 2023ൽ ഇത് 58.5 ആയി കൂപ്പുകുത്തി.
ആശുപത്രികളിൽ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനം കേരളത്തിലെ നഗരപ്രദേശങ്ങളിലാകട്ടെ 2018ൽ 73 ശതമാനമുണ്ടായിരുന്നിടത്തുനിന്ന് 2023ൽ 56.4 ശതമാനമായി കുറഞ്ഞു.