നിർമിതബുദ്ധി പരിപോഷിപ്പിക്കും; നിയന്ത്രണങ്ങളും ഉടൻ: ധനമന്ത്രി
Tuesday, September 16, 2025 1:51 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിക്കൊപ്പം മുന്നേറുന്നതിനായി നിർമിതബുദ്ധിയെ (ആർട്ടിഫിഷൽ ഇന്റലിജൻസ്- എഐ) ഉത്തരവാദിത്വത്തോടെ പരിപോഷിപ്പിക്കുന്ന നിയന്ത്രണങ്ങൾ ഉടൻ വേണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
സാങ്കേതിക കുതിപ്പും നവീകരണങ്ങളും പോലെ ഇവയെ നിയന്ത്രിക്കാനുള്ള നിയമങ്ങളും വേഗത്തിൽ വികസിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വികസിതഭാരതത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗവും സാന്പത്തികവളർച്ചയുടെ കുതിപ്പിനുള്ള അവസരവും എന്നതിനെക്കുറിച്ച് നീതി ആയോഗ് സംഘടിപ്പിച്ച "ഫ്രോണ്ടിയർ ടെക് ഹബ്’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി.
നിർമിതബുദ്ധി സ്ഥിരമല്ലെന്നും വേഗത്തിൽ പുരോഗമിക്കുന്ന തത്സമയവും ചലനാത്മകവുമായ സാങ്കേതികവിദ്യയായി എഐ ഉയർന്നുവന്നിട്ടുണ്ടെന്നും നിർമല പറഞ്ഞു. അതിനാൽ, ധാർമികതയിൽ പിന്നോട്ടിരിക്കരുതെന്ന് എല്ലാവരും ബോധവാന്മാരായിരിക്കണം. സാങ്കേതികവിദ്യയുടെ പുരോഗതിപോലെ നിയന്ത്രണങ്ങളും വേണ്ടതുണ്ട്.
പൊതുനന്മയ്ക്കായി എഐ അധിഷ്ഠിത പരിഹാരങ്ങൾ സ്വാംശീകരിക്കാനും പ്രയോഗിക്കാനുമുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ വഴിയിൽ വരുന്ന നന്മയുടെ അർഥം മനസിലാക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ സാങ്കേതികവിദ്യകളിലും ഗുണദോഷങ്ങളുണ്ട്. ജോലികളിൽ മാത്രമല്ല, അവ ദുരുപയോഗം ചെയ്യാവുന്ന രീതിയിലും വെല്ലുവിളിയുണ്ട്. അതു സമൂഹത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
പൊതുനന്മയ്ക്കായി സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിനും നിലനിർത്താനുമായി നിയന്ത്രണങ്ങൾ ആവശ്യമാണ്. എന്നാൽ സാങ്കേതികവിദ്യയെ തുടച്ചുനീക്കുന്ന നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നില്ല. എഐ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും വിവിധ മേഖലകളിൽ അവയുടെ ഉത്തരവാദിത്ത പ്രയോഗം ഉറപ്പാക്കാനും സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നഗരപ്രദേശങ്ങൾ മെച്ചപ്പെടുത്തുന്നതിലും പുതിയ നഗരങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നിർമിതബുദ്ധിക്കു നിർണായക പങ്ക് വഹിക്കാൻ കഴിയും. എല്ലാ ജില്ലകളിലും എഐ സഹായത്തോടെയുള്ള സാങ്കേതികവിദ്യകൾ നടപ്പിലാക്കണം. പുതിയ അവസരങ്ങൾ പിടിച്ചെടുക്കുന്നതിന് വിപുലമായ ഡിജിറ്റൽ, എഐ കഴിവുകളുള്ള തൊഴിൽശക്തിയെ തയാറാക്കേണ്ടതുണ്ടെന്നും മന്ത്രി നിർമല പറഞ്ഞു.