ചൈനയ്ക്കു മറുപടി; ബ്രഹ്മപുത്രയില്‍ വന്‍ അണക്കെട്ട് നിര്‍മിക്കാന്‍ ഇന്ത്യ
Tuesday, September 16, 2025 1:51 AM IST
ന്യൂഡല്‍ഹി: ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട ചൈനീസ് ഭീഷണി തടയാന്‍ ബൃഹദ് പദ്ധതിയുമായി ഇന്ത്യ. നദിയിലെ ജലപ്രവാഹത്തെ സ്വാധീനിക്കുംവിധം ചൈന നിര്‍മിക്കുന്ന അണക്കെട്ടിനു ബദലായി വന്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം.
അരുണാചല്‍ പ്രദേശിലെ ദിബാംഗിലാണ് ഇന്ത്യ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങുന്നത്. പൊതുമേഖലാസ്ഥാപനമായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് 278 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടിന്റെ നിര്‍മാണച്ചുമതല. ഇതിനായി 17,069 കോടി രൂപയുടെ ആഗോള ടെൻഡർ വിളിച്ചുകഴിഞ്ഞു.
2880 മെഗാവാട്ട് വൈദ്യുതി ഉത്പാദനംകൂടി ലക്ഷ്യമിടുന്നതാണു പദ്ധതി. 91 മാസത്തെ സമയപരിധി നിശ്ചയിച്ച് 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണു പദ്ധതി ഒരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അരുണാചല്‍പ്രദേശിന് പ്രതിവര്‍ഷം 700 കോടി രൂപയുടെ സൗജന്യ വൈദ്യുതി ലഭിക്കും.
ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ ടിബറ്റിലെ യാര്‍ലുംഗ് സാംഗ്പോ നദിയില്‍ ചൈന നിര്‍മിക്കുന്ന അണക്കെട്ട് 16,700 കോടി ഡോളര്‍ ചെലവിലാണ് ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് എന്നനിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ച് വൈദ്യുത പദ്ധതികളും അണക്കെട്ടിന്റെ ഭാഗമായിട്ടുണ്ട്.
ചൈനീസ് അണക്കെട്ടില്‍നിന്ന് അപ്രതീക്ഷിതമായി വെള്ളം തുറന്നുവിടുന്ന നിലയുണ്ടായാല്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് നേരത്തെതന്നെ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയും അണക്കെട്ട് നിര്‍മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ അണക്കെട്ട് ഇന്ത്യയെയും ബംഗ്ലാദേശിനെയും പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചൈനയുടെ വാദം.