താങ്ങുവിലയും സർക്കാർ സംഭരണവും തുടരുമെന്നു മോദി
Monday, September 21, 2020 12:26 AM IST
ന്യൂഡൽഹി: കാർഷിക ബില്ലുകൾ പാസായതിൽ അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കാർഷിക ചരിത്രത്തിലെ നിർണായക മാറ്റത്തിന്റെ നിമിഷമാണെന്നും കോടിക്കണക്കിനു കർഷകരെ ശക്തീകരിച്ച് കാർഷിക മേഖലയ്ക്ക് സന്പൂർണ മാറ്റമുണ്ടാക്കുന്ന നടപടിയാണെന്നും മോദി പറഞ്ഞു.
താങ്ങുവില സംവിധാനവും കാർഷിക വിളകളുടെ സർക്കാർ സംഭരണവും തുടരുമെന്നും മോദി പറഞ്ഞു. മിനിമം താങ്ങുവില തുടരുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും അറിയിച്ചു. രാജ്യസഭയിൽ ബില്ലുകൾ പാസായതിന് പിന്നാലെ മിനിമം താങ്ങുവില തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഉറപ്പു നൽകി. ബിൽ സന്പൂർണ മാറ്റത്തിനുതകുന്നതാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നാണു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞത്. ഇത് ജനങ്ങളുടെ ഭൂരിപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ പ്രകടനം ജനാധിപത്യ മൂല്യങ്ങൾക്ക് അവർ വില കൽപ്പിക്കുന്നില്ല എന്നതിന്റെ തെളിവാണെന്നാണ് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞത്.