പാതിവില തട്ടിപ്പു കേസ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു
Sunday, September 7, 2025 1:35 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍. കേസന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണസംഘത്തെ പിരിച്ചുവിട്ടു. അന്വേഷണ സംഘത്തലവനായിരുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പി എം. ജെ. സോജനെ വിജിലന്‍സിലേക്കു സ്ഥലംമാറ്റിയതിനു പിന്നാലെയാണ് അന്വേഷണസംഘത്തെ പിരിച്ചുവിട്ടത്.
പ്രത്യേക സംഘം ഇനി വേണ്ടന്നും ക്രൈംബ്രാഞ്ചിന്റെ അതത് യൂണിറ്റുകള്‍ കേസന്വേഷിച്ചാല്‍ മതിയെന്നുമാണു സര്‍ക്കാര്‍ നിലപാട്. പ്രത്യേക അന്വേഷണസംഘത്തെ പിരിച്ചുവിട്ടതോടെ കേസന്വേഷണം അവതാളത്തിലായി.
അന്വേഷണ സംഘത്തെ പിരിച്ചുവിട്ടത് പരാതിക്കാര്‍ക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ സര്‍ക്കാര്‍ നടപടി അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പണം നഷ്ടമായവരുടെ ആരോപണം. എന്‍ജിഒയുടെയും സിഎസ്ആര്‍ ഫണ്ടിന്റെയും മറവില്‍ മുഖ്യപ്രതികളായ അനന്തുകൃഷ്ണനും, കെ.എന്‍. ആനന്ദകുമാറും 500 കോടി തട്ടിയെടുത്തു എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 490 കോടിയുടെ കണക്കില്‍പ്പെടുന്ന തട്ടിപ്പും 98 കോടിയുടെ കണക്കില്‍ ഉള്‍പ്പെടാത്ത തട്ടിപ്പും പ്രതികള്‍ നടത്തിയതായാണു കണ്ടെത്തല്‍.
200ലധികം എന്‍ജിഒകളെ മറയാക്കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. അതേസമയം, കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയക്കാരില്‍നിന്നു ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 1400ഓളം കേസുകളാണു തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ലാപ്ടോപ്പും മറ്റും നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ സീഡ് സൊസൈറ്റിയാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. പോലീസിന്റെ അന്വേഷണത്തില്‍, സംസ്ഥാന വ്യാപകമായി നടന്ന കോടികളുടെ തട്ടിപ്പ് പിന്നീട് കണ്ടെത്തുകയായിരുന്നു.
വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇക്കണോമിക് ഒഫന്‍സ് വിംഗ്, ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍, ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്, സൈബര്‍ വിഭാഗം തുടങ്ങിയവയില്‍നിന്നുള്ള 80 പേരാണ് ഉള്‍പ്പെട്ടിരുന്നത്.
ചില കേസുകളില്‍ അനന്തുകൃഷ്ണനു ജാമ്യം ലഭിച്ചെങ്കിലും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ആരോഗ്യപ്രശ്നത്തിന്റെ പേരില്‍ ആനന്ദകുമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ജാമ്യത്തിനായി സമീപിച്ചെങ്കിലും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല.