മണര്‍കാട് കത്തീഡ്രലില്‍ നടതുറക്കല്‍ ഇന്ന്
Sunday, September 7, 2025 1:35 AM IST
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ ഇന്ന് നടക്കും. കത്തീഡ്രലില്‍ രാവിലെ 8.30നു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
11.30ന് ഉച്ചനമസ്കാരത്തെത്തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ.
പ്രധാന പെരുന്നാള്‍ ദിനമായ നാളെ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ അപ്രേം മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ സമാപിക്കും. സ്ലീബാ പെരുന്നാള്‍ ദിനമായ 14നു വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥനയോടെ നടയടയ്ക്കും.