സാങ്കേതിക തകരാർ; വിമാനം അടിയന്തരമായി തിരിച്ചിറക്കി
Sunday, September 7, 2025 1:35 AM IST
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇൻഡിഗോ വിമാനമാണ് പറന്നുയർന്ന് രണ്ടു മണിക്കൂറിനു ശേഷം കൊച്ചിയിൽ തിരിച്ചിറക്കിയത്.
180 യാത്രക്കാരും ആറു ക്രൂ അംഗങ്ങളുമായി പറന്ന വിമാനമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. വെള്ളിയാഴ്ച രാത്രി 11.10നു പുറപ്പെട്ട 6ഇ–1403 ഇൻഡിഗോ വിമാനം ശനിയാഴ്ച പുലർച്ചെ 1.44ന് തിരിച്ചിറക്കുകയായിരുന്നു.
സാങ്കേതിക തകരാർ എന്താണെന്നു വ്യക്തമല്ല. സംഭവത്തിൽ ഇൻഡിഗോയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുമായി പുലർച്ചെ 3.30ന് മറ്റൊരു വിമാനം അബുദാബിയിലേക്കു പുറപ്പെട്ടു.
ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ യാത്രക്കാർക്കൊപ്പം മറ്റൊരു ക്രൂ സംഘമാണ് അബുദാബിയിലേക്കു പോയത്.