ആദ്യം സര്‍ക്കാരും ബോര്‍ഡും മറുപടി പറയട്ടെയെന്ന് പ്രതിപക്ഷനേതാവ്
Sunday, September 7, 2025 1:35 AM IST
പത്തനംതിട്ട: അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി പറയട്ടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്ന സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർ പ്പിച്ചതു പിൻവലിക്കുമോയെന്നും വ്യക്തമാക്കട്ടെ.
നാമജപ ഘോഷയാത്രയ്ക്കെതിരേ ഉള്‍പ്പെടെ എടുത്ത കേസുകള്‍ പിന്വലിക്കുമോയെന്നുകൂടി പറയണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 112 ഏക്കര്‍ വനഭൂമി ഏറ്റെടുത്ത് അതിന് പകരമായി ഇടുക്കിയിൽ ഭൂമി നല്കി ശബരിമലയിലെ മാസ്റ്റർ പ്ലാൻ വികസന പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുകയായിരുന്നു. എന്നിട്ടും ശബരിമലയുടെ വികസനത്തിനു വേണ്ടി കഴിഞ്ഞ ഒന്‍പതര വര്‍ഷവും ഒന്നും ചെയ്യാത്തവര്‍ അയ്യപ്പഭക്തരെ കബളിപ്പിക്കാന്‍ പത്താമത്തെ വര്‍ഷമാണ് മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് പറയുന്നത്.
അയ്യപ്പസംഗമത്തിലൂടെ വര്‍ഗീയവാദികള്‍ക്കും സംഘടനകള്‍ക്കും ഇടമുണ്ടാക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപി - സിപിഎം ധാരണയാണോയെന്ന് സംശയിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബദല്‍ സംഗമത്തക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല.
യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആദ്യം മറുപടി നല്കട്ടെ. യുഡിഎഫ് എല്ലായ്പോഴും അയ്യപ്പഭക്തര്ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
നവേഥാന സമിതിയുണ്ടാക്കി ആചാരലംഘനത്തിന് കൂട്ടു നിന്നവരാണ് എൽഡിഎഫും സർക്കാരുമെന്നും ഇപ്പോഴും നവോത്ഥാന സമിതി നിലനില്‍ക്കുന്നുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.