ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു
Friday, September 5, 2025 2:32 AM IST
മാതമംഗലം: പെരുന്തട്ട മേച്ചിറ അങ്കണവാടിക്കു സമീപം ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചു. പെരുന്തട്ടയിലെ ഇരുട്ടൻ അജിത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനെത്തിയ എരമം ഉള്ളൂർ സ്വദേശി പി.കെ. രതീഷ് (45), എരമം കിഴക്കേക്കര സ്വദേശി എം.എം. വിജയൻ (50) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം. അപകടം നടന്നയുടനെ ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിച്ചു. പരിക്കേറ്റ ശ്രീതുൾ (29) കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ശ്രീതുൾ സഞ്ചരിച്ച ബൈക്കിടിച്ചാണ് ഇരുവരും മരിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇരുവരും റോഡിൽ കിടക്കുന്നത് കണ്ട് ബൈക്ക് സഡൻ ബ്രേക്കിട്ടപ്പോൾ ബൈക്ക് മറിയുകയായിരുന്നുവെന്നു ശ്രീതുൾ പറയുന്നു. പെരിങ്ങോം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരേതരായ കണ്ണപ്പള്ളി പൂഞ്ഞുപിടുക്ക ചന്തു നമ്പ്യാർ-മാവില മൂർഖൻ നാരായണി ദമ്പതികളുടെ മകനാണ് എം.എം. വിജയൻ (50). ഭാര്യ: നിഷ. മക്കൾ: സമ്യക്ക്, സോംദേവ് (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: രാജൻ (വിമുക്ത ഭടൻ). പി.പി.രാഘവൻ-പാടച്ചേരി കൊഴുമ്മൽ പദ്മാക്ഷി ദമ്പതികളുടെ മകനാണ് പി.കെ. രതീഷ്. സഹോദരങ്ങൾ: ബിന്ദു (സിപിഎം ഉള്ളൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം), സിന്ധു.