ബീഡി-ബിഹാർ പോസ്റ്റ് വിവാദം; കെപിസിസി ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കും
Sunday, September 7, 2025 1:35 AM IST
തിരുവനന്തപുരം: വിവാദമായ ബീഡി-ബിഹാർ പോസ്റ്റിനു പിന്നാലെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ പുന:സംഘടിപ്പിക്കാനൊരുങ്ങി കോണ്ഗ്രസ്. കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കാരങ്ങൾക്കു പിന്നാലെയാണ് ബീഹാറിനെയും ബീഡിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ്എക്സിൽ പ്രത്യക്ഷപ്പെട്ടത്.
ഇത് ബീഹാറിനെ ഇകഴ്ത്തിക്കാണിക്കുന്നു എന്ന വ്യാപക വിമർശനം ഉയർന്നു. പിന്നാലെ ബിജെപി ഈ പോസ്റ്റ് ദേശീയ തലത്തിൽ തന്നെ ചർച്ചയാക്കുകയും ചെയ്തിരുന്നു. വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചെങ്കിലും അതിന്റെ പേരിൽ പാർട്ടിക്കുള്ളിൽ മീഡിയ സെല്ലിനെതിരായി നേരത്തേ മുതൽ പുകഞ്ഞിരുന്ന വിമർശനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നേതൃത്വത്തെ വിമർശിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു പിന്നിൽ ഡിജിറ്റൽ മീഡിയ സെല്ലിലെ ചിലർ തന്നെയാണെന്ന തരത്തിൽ നേരത്തേ പലവട്ടം ആക്ഷേപമുയർന്നിരുന്നു. ഇതിനിടയിലാണ് ബീഹാർ പോസ്റ്റ് വിവാദത്തിലാകുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ മീഡിയ സെൽ പൂർണമായി പുന:സംഘടിപ്പിക്കാൻ പാർട്ടി ഒരുങ്ങുന്നത്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ സെല്ലിന്റെ ചെയർമാനായ വി.ടി ബൽറാം സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടപ്പിച്ചതായാണ് പുറത്തു വരുന്ന വിവരം. അതേസമയം ബൽറാം നേരത്തേ തന്നെ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടപ്പിച്ചിരുന്നു വിവാദവുമായി ഇതിന് ബന്ധമൊന്നുമില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുന്നത്.
നിലവിൽ ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങളും ഉള്ളടക്കം സംബന്ധിച്ചു പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വവും ആർക്കുമില്ലാത്ത സ്ഥിതിയാണുള്ളതെന്നാണ് കോണ്ഗ്രസ് വൃത്തങ്ങൾ പറയുന്നത്.
സെല്ലിന്റെ തുടക്കത്തിൽ ശശി തരൂരിനും അനിൽ ആന്റണിക്കുമായിരുന്നു ചുമതല. എന്നാൽ അനിൽ ആന്റണി പാർട്ടി വിട്ടു പോയതും തരൂരിന്റെ തിരക്കുകളും സെല്ലിന്റെ പ്രവർത്തനത്തെ ബാധിച്ചതായാണ് വിലയിരുത്തൽ.
അനിൽ ആന്റണി പാർട്ടി വിട്ടതിനു പിന്നാലെ പി. സരിനായിരുന്നു സെല്ലിന്റെ ചുമതല. എന്നാൽ പിന്നീട് സരിനും പാർട്ടി വിട്ടു. വി.ടി ബൽറാമിന് സെല്ലിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പൂർണ ഉത്തരവാദിത്വം വഹിക്കാനാകാത്ത സ്ഥിതിയിലുമായി. ഇതാണ് തന്റെ അറിവോടെയല്ല പോസ്റ്റ് വന്നത് എന്ന് ബൽറാം പ്രതികരിച്ചത്.
നിലവിൽ അഞ്ചു പേർ ചേർന്നാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ മികച്ച രീതിയിൽ സെല്ല് പുന:സംഘടിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അധികം വൈകാതെ പുതിയ കണ്വീനറെയും ചെയർമാനെയും തീരുമാനിക്കുമെന്നാണ് വിവരം.