ആഗോള അയ്യപ്പസംഗമം; എന്‍എസ്എസ് പ്രതിനിധി വരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
Sunday, September 7, 2025 1:35 AM IST
ചങ്ങനാശേരി: ആഗോള അയ്യപ്പസംഗമത്തിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പിന്തുണ അറിയിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
സംഗമത്തിന് ദേവസ്വം ബോര്‍ഡിന്റെ ക്ഷണം എന്‍എസ്എസ് സ്വീകരിച്ചുവെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ പകരം പ്രതിനിധിയെ അയയ്ക്കുമെന്ന് സുകുമാരന്‍നായര്‍ അറിയിച്ചതായും പി.എസ്.പ്രശാന്ത് മാധ്യമങ്ങളോടു പറഞ്ഞു.
ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമായി മാറ്റുകയെന്നതാണ് അയ്യപ്പസംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. സംഗമം സര്‍ക്കാരാണോ ദേവസ്വം ബോര്‍ഡാണോ നടത്തുന്നത് എന്ന വാദത്തിനു പ്രസക്തിയില്ല.
മണ്ഡല-മകരവിളക്ക് ഉത്സവം പൂര്‍ണമായും നടത്തുന്നത് ദേവസ്വം ബോര്‍ഡാണെങ്കിലും സര്‍ക്കാരിന്റെ പിന്തുണയോടു കൂടിയാണ് നടത്തുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.