സ്ഥലംമാറ്റത്തിൽ പോലീസ് ഹാപ്പി!
Sunday, September 7, 2025 1:35 AM IST
തൃശൂർ: യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് അകാരണമായി മർദനമേറ്റെന്ന് ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ശിക്ഷ സ്ഥലംമാറ്റത്തിൽ ഒതുങ്ങി. അതും കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക്!
മലപ്പുറം പാണക്കാട് സ്വദേശിയായ എൻ. നുഹ്മാനെ വിയ്യൂർ എസ്ഐ ആയി സ്ഥലംമാറ്റി. ഇയാൾ ഇപ്പോൾ പ്രിൻസിപ്പൽ എസ്ഐ ആണ്. ജീപ്പിലടക്കം മർദിച്ച സീനിയർ സിപിഒ ശശിധരനെ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി. കല്ലൂരിലുള്ള വീട്ടിലേക്കു കുറച്ചുകൂടി ദൂരം കുറഞ്ഞു.
കൊല്ലം ചവറ സ്വദേശിയായ സിപിഒ എസ്. സന്ദീപിനെ മണ്ണുത്തി സ്റ്റേഷനിലേക്കു മാറ്റി. ജില്ലാ ആസ്ഥാനത്തിനടുത്തുള്ള സ്റ്റേഷനാണിത്. സിപിഒ സജീവനെ വടക്കാഞ്ചേരി സ്റ്റേഷനിലേക്കു മാറ്റി. മാടക്കത്തറ സ്വദേശിയായ സജീവനും വീട്ടിലേക്കുള്ള ദൂരം കുറഞ്ഞു. മർദിച്ചെന്നു കണ്ടെത്തിയ ഡ്രൈവർ സുഹൈർ പോലീസിൽനിന്നു രാജിവച്ചു. ഇപ്പോൾ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിഇഒ ആണ്.
പോലീസുകാരെ സ്ഥലംമാറ്റിയതോടെ എല്ലാം അവസാനിക്കുമെന്നാണു കരുതിയത്. പോലീസുകാർക്കെതിരേ ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ എസിപി ആയിരുന്ന കെ.സി. സേതു നൽകിയ റിപ്പോർട്ടിലും നടപടിയുണ്ടായില്ല. ഇതോടെയാണു കാമറ ദൃശ്യങ്ങൾ ലഭിക്കാനുള്ള പോരാട്ടത്തിന് ഇറങ്ങിയത്.
മർദിച്ചവർ കാക്കിയിട്ടു ജോലി ചെയ്യാമെന്നു കരുതേണ്ട: സതീശൻ
തൃശൂർ: പോലീസുകാർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതികരണം കോണ്ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മർദിച്ചവർ കാക്കിവേഷത്തിൽ ജോലിചെയ്യാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കാട്, പീച്ചി സ്റ്റേഷനുകളിലും ലോക്കപ്പ് മർദന പരാതി
തൃശൂർ: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ മർദനത്തിനെതിരേ നിരവധി പരാതികളാണ് നിലവിലുള്ളത്. കുന്നംകുളം ലോക്കപ്പ് മർദനത്തിനു സമാനമായ സംഭവങ്ങൾ പുതുക്കാട് സ്റ്റേഷനിൽ 2024 മാർച്ച് 15നും പീച്ചി സ്റ്റേഷനിൽ 2023 മേയ് 24നും ഉണ്ടായതായാണു പരാതി.
വാട്ടർ അഥോറിറ്റിയിൽ യുഡി ക്ലാർക്കായ പള്ളം തൊട്ടിപ്പാൾ മുതുപറന്പിൽ എം.എം. സോണിയാണ് അന്നത്തെ പുതുക്കാട് എസ്ഐക്കും സിഐക്കുമെതിരേ പോലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്കും എസ്പിക്കും പരാതി നൽകിയത്.
അമ്മയോടൊപ്പം സ്റ്റേഷനിലെത്തിയ തന്നെ കംപ്യൂട്ടർ മുറിയിൽ കൊണ്ടുപോയി മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണു പരാതി. ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി. തിരിച്ചറിയൽ കാർഡ് നശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ആരോപണവിധേയനായ എസ്ഐ പിന്നീട് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു.
2023 മേയ് 24നു ഹോട്ടലിലുണ്ടായ തർക്കത്തെത്തുടർന്നു പീച്ചി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ്എച്ച്ഒ ആയിരുന്ന രതീഷ് ഹോട്ടൽ ജീവനക്കാരെ മർദിച്ചെന്നാണു മറ്റൊരു പരാതി. ലാലീസ് ഗ്രൂപ്പ് ഉടമകൾ സിസിടിവി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ നേടിയെടുത്തു. 2024 ഓഗസ്റ്റ് 14ന് ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കേസ് കോടതിയിലായതിനാൽ പുറത്തു വന്നിട്ടില്ല.
എംഎൽഎയുടെ മുൻ പഴ്സണൽ സ്റ്റാഫിനും രക്ഷയില്ല
തൃശൂർ: എംഎൽഎയുടെ മുൻ പഴ്സണൽ സെക്രട്ടറി നൽകിയ പരാതിയിലും പോലീസിനു മെല്ലെപ്പോക്ക്. ഇ.ടി. ടൈസണ് എംഎൽഎയുടെ പഴ്സണൽ സ്റ്റാഫ് ആയിരുന്ന അസ്ഹർ മജീദ് നൽകിയ വിവരാവകാശ ചോദ്യങ്ങൾക്ക് ചേർപ്പ് പോലീസാണു മറുപടി നൽകാതിരിക്കുന്നത്.
അസ്ഹർ മജീദ് അഭിഭാഷകൻ മുഖേന ജൂണ് 14നാണ് സിസിടിവി ദൃശ്യങ്ങൾക്കായി പരാതി നൽകിയത്. നിയമപ്രകാരം നൽകേണ്ട 30 ദിവസം കഴിഞ്ഞിട്ടും നടപടിയില്ല. സമൂഹമാധ്യമത്തിൽ അപമാനിച്ചവർക്കെതിരേ പരാതി നൽകാൻ എത്തിയപ്പോൾ ഫോണ് പിടിച്ചുവാങ്ങി. സ്റ്റേഷൻ തടങ്കലിൽ വച്ചു. മോഷണശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ വകുപ്പനുസരിച്ച് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തു.
സിസിടിവി ദൃശ്യങ്ങൾ, സ്റ്റേഷൻ രജിസ്റ്റർ പകർപ്പുകൾ, കേസിന്റെ ആവശ്യത്തിനായി വിളിച്ചുവരുത്തിയതിനുള്ള നോട്ടീസുകൾ, സ്വീഷർ മഹസർ പകർപ്പുകൾ എന്നിവയ്ക്കാണ് വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. പോലീസ് കുടുങ്ങുമെന്നു മനസിലാക്കിയാണ് വിവരങ്ങൾ നൽകാത്തതെന്ന് അസ്ഹർ പറയുന്നു.