മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്ക് വത്തിക്കാൻ അംഗീകാരം
Sunday, September 7, 2025 1:35 AM IST
തൃശൂർ: മേരിമാതാ മേജർ സെമിനാരിയിലെ ദൈവശാസ്ത്ര പരിശീലനം ക്രോഡീകരിക്കുന്നതിനായി സ്ഥാപിതമായ മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്ക് വത്തിക്കാനിലെ ഡിക്കാസ്ട്രി ഫോർ കൾച്ചർ ആൻഡ് എഡ്യുക്കേഷന്റെ അംഗീകാരം.
ബെൽജിയത്തിലെ കത്തോലിക്ക യൂണിവേഴ്സിറ്റിയിലെ തിയോളജി ഫാക്കൽറ്റിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട സ്വതന്ത്ര സ്ഥാപനമായിട്ടാണ് മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി(എംഐടി)ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് സീറോമലബാർ സഭാധ്യക്ഷനും മേരിമാതാ സെമിനാരിയുടെ ആദ്യ റെക്ടറുമായ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാർ ടോണി നീലങ്കാവിൽ, വിൻസെന്റ് മാർ പൗലോസ്, ലുവെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയെ പ്രതിനിധീകരിച്ച് പ്രഫ. ഡോ. ബെനഡിക്ട് ലെമലിൻ, ഡോ. പീറ്റർ ഡി മേ, സെമിനാരി റെക്ടർ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, എംഐടി പ്രഥമ ഡയറക്ടർ റവ. ഡോ. പോൾ പുളിക്കൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാർഷികത്തിന്റെ ഭാഗമായി ‘നിഖ്യാ കൗണ്‍സിലിന്റെ സമകാലിക ദൈവശാസ്ത്രപ്രാധാന്യം’ എന്ന വിഷയത്തിൽ സെമിനാർ നടക്കും.
രാവിലെ 9.30നു മേരിമാതാ മേജർ സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തും. തുടർന്ന് ബിഷപ് മാർ ജെയിംസ് ആനാപറന്പിൽ, റവ.ഡോ. മോത്തി വർക്കി, റവ.ഡോ. ജെയിംസ് പുലിയുറുന്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.