പ്രശസ്ത ഫോറന്‍സിക് സര്ജന് ഡോ. ഷെർലി വാസു അന്തരിച്ചു
Friday, September 5, 2025 6:58 AM IST
കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ക്ക് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ പ്രശസ്ത ഫോറന്‍സിക് സര്ജൻ ഡോ. ഷെര്‍ലി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. മായനാട്ടെ വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ ഷെര്‍ലി വാസുവിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
കോഴിക്കോട് മെഡി. കോളജ് ഫോറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയാണ്. മുക്കം കെഎംസിടി മെഡി. കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചുവരുന്നതിനിടെയാണ് അന്ത്യം. സംസ്ഥാനത്തെ ആദ്യകാല വനിതാ ഫോറന്‍സിക് സര്ജന്മാരില് ഒരാളായ ഡോ. ഷെര്‍ലി വാസു തൊടുപുഴ സ്വദേശിനിയാണ്.
കേരള പോലീസിന്റെ മെഡിക്കോ ലീഗല്‍ ഉപദേഷ്ടാവായിരുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഫൊറന്‍സിക് മെഡിസിന് വിഭാഗത്തില്‍ അറിവ് പകര്‍ന്നു നല്കിയ മികച്ച അധ്യാപികയായിരുന്നു ഇവര്‍. ഫോറന്‍സിക് രംഗത്തെ വിദഗ്ധയായിരുന്നു ഡോ.ഷെര്‍ലി വാസു. മാറാട് കലാപം, പൂക്കിപ്പറമ്പ് ബസ് അപകടം, ഫസല്‍ വധക്കേസ്, സഫിയ വധക്കേസ്, സൗമ്യവധക്കേസ് തുടങ്ങി ആയിരക്കണക്കിനു കേസുകളാണ് ഇവര്‍ കൈകാര്യം ചെയ്തത്.
പ്രമാദമായ പല കേസുകളിലും പോലീസിനെ സഹായിച്ചുകൊണ്ട് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനു സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള സേവനമായിരുന്നു കാഴ്ചവച്ചത്. സൗമ്യ വധക്കേസില്‍ സൗമ്യയുടെ മൃതദേഹം പരിശോധിച്ചതും തെളിവുകള്‍ കണ്ടെത്തിയതും ഡോ. ഷെര്‍ലിയാണ്.
2017ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്നം പുരസ്കാരം ലഭിച്ചു. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പരേതരായ കെ.വി. വാസുവിന്റെയും സരസ്വതിയുടേയും മകളാണ്. ഭര്‍ത്താവ് : ഡോ.കെ. ബാലകൃഷ്ണന് (റിട്ട.സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍). മക്കള്‍: നന്ദന (അസിസ്റ്റന്റ് പ്രഫസര്‍ സെന്റ് സേവ്യേഴ്സ് കോളജ്, എരഞ്ഞിപ്പാലം), നിതിൻ (സോഫ്റ്റ് വേർ എന്‍ജിനിയര്‍ എറണാകുളം). മരുമക്കള്‍: അപര്‍ണ (ഓഫീസര്‍ എസ്ബിഐ, എറണാകുളം). ഫൈസല്‍ (എന്‍ജിനിയര്‍ ദുബായ്). സഹോദരങ്ങള്‍: ഷര്‍ഫി വാസു (റിട്ട.ജഡ്ജ് ഉപലോകായുക്ത), മാക്സ്വെല് വാസു (എസ്ബിഐ മാനേജര്‍), പരേതയായ ഷൈനി വാസു (ജില്ലാ ജഡ്ജ് ).