അക്ഷര ലോകത്ത് കർമനിരതയായ്.. ബിയാമ്മ ടീച്ചർ @ 90
അജി വള്ളിക്കീഴ്
Friday, September 5, 2025 7:10 AM IST
കൊല്ലം: തൊണ്ണൂറ് വയസെന്നത് വിശ്രമിക്കാനുള്ള കാലഘട്ടമാണെന്നു കരുതുന്നവർക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ് ബിയാമ്മ ടീച്ചർ. ശാസ്താംകോട്ട ഫ്രാൻസിസ് വില്ലയിൽ പരേതനായ ബെർണാഡിന്റെ സഹധർമിണിയാണ് ബിയാമ്മ മെറാർഡ് എന്ന ടീച്ചറമ്മ. ബിയാമ്മയുടെ ഏഴു മക്കളും അധ്യാപകരാണ്. നാല് പതിറ്റാണ്ടിലേറെക്കാലം അക്ഷരങ്ങളുടെ ലോകത്ത് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ അധ്യാപിക ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും സാമൂഹ്യ സേവന പാതയിൽ സജീവമാണ്.
ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ച് ദിവസവും രാവിലെ സമീപത്തുള്ള പാലിയേറ്റീവ് കെയർ സെന്ററിലെത്തി രോഗികളെ ശുശ്രൂഷിക്കുന്നതിനും ബിയാമ്മ ടീച്ചറിനു മടിയില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ നൽകാനും ടീച്ചർ സമയം കണ്ടെത്തുന്നു. പഴയ വിദ്യാർഥികളുടെ ഓർമകളിൽ ടീച്ചറമ്മ നന്മ മാത്രമാണ്.
കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പെൻഷൻ തുകയുടെ ഒരു ഭാഗം നൽകി ടീച്ചർ ഉദാര മനസ് കാട്ടി. ജാതിമത ഭേദമെന്യേ സമൂഹത്തിലെ എല്ലാവരുമായും നല്ല ബന്ധം പുലർത്തുന്ന ഈ വന്ദ്യവയോധിക, തന്റെ ചുറ്റുമുള്ളവർക്ക് ഒരു താങ്ങും തണലുമാണ്."മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന ചെറിയ കാര്യങ്ങളാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകുന്നതെന്ന്' ടീച്ചർ പുഞ്ചിരിയോടെ പറയുന്നു.
തന്റെ പത്തു മക്കളിൽ എട്ടുമക്കളെയും ബിയാമ്മ അധ്യാപകരാക്കി. മക്കളിൽ ജോണിയും ക്രിസ്റ്റിയും ഒഴികെ, ആഗ്നസ്, അനിത, ആനന്ദ്, അമല, അനില, അജിത, അമ്പിളി, അജയ് എന്നിവരാണ് ബിയാമ്മയുടെ അധ്യാപകരായ മക്കൾ. സമൂഹത്തിന് മാർഗദർശകരായ അധ്യാപകരുടെ ജീവിതം തന്നെ സേവനമാണെന്ന് അധ്യാപക ദിനത്തിൽ ടീച്ചർ നമ്മെ ഓർമിപ്പിക്കുന്നു.