നട്ടെല്ലിനു ക്ഷതമേറ്റ അധ്യാപികയോട് ദാക്ഷിണ്യമില്ലാതെ വിദ്യാഭ്യാസവകുപ്പ്
Friday, September 5, 2025 2:32 AM IST
കാഞ്ഞങ്ങാട്: ജോലിക്കിടയിലുണ്ടായ അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അധ്യാപികയെ ഒരു വർഷത്തിനിടെ രണ്ടുതവണ സ്ഥലംമാറ്റി വിദ്യാഭ്യാസവകുപ്പ്. ചിത്രകലാ അധ്യാപികയായ കെ.വി. സുലേഖയെയാണ് മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കും അവിടെനിന്ന് വീണ്ടും തൃക്കരിപ്പുർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കും മാറ്റിയത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലതവണ അപേക്ഷ നൽകിയതിനു ശേഷമാണ് ഈ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ നഗരമധ്യത്തിലുള്ള ഹൊസ്ദുർഗ് സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. അവിടെ ഇരിപ്പുറപ്പിക്കുന്നതിനു മുമ്പാണ് ഇപ്പോൾ വീണ്ടും തൃക്കരിപ്പുരിലേക്കു സ്ഥലംമാറ്റമായത്.
സ്പെഷലിസ്റ്റ് അധ്യാപകരുടെ തസ്തിക പുനർനിർണയവുമായി ബന്ധപ്പെട്ടാണു വീണ്ടും സ്ഥലംമാറ്റമുണ്ടായതെന്നാണു സൂചന. നട്ടെല്ലിന് ക്ഷതമേറ്റ് 60 ശതമാനത്തിലധികം ശാരീരിക വൈകല്യം സംഭവിച്ചതായി ചൂണ്ടിക്കാട്ടി ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല.
അഞ്ചുവർഷം മുമ്പ് പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലിചെയ്തിരുന്ന സമയത്താണ് സുലേഖയ്ക്ക് അപകടം സംഭവിച്ചത്. 2020 ജനുവരിയിൽ പത്താംക്ലാസ് വിദ്യാർഥികളുടെ ഗൃഹസന്ദർശനത്തിനായി പോയപ്പോൾ തെന്നിവീണ് നട്ടെല്ലിനും സുഷുമ്നാ നാഡിക്കും ക്ഷതമേൽക്കുകയായിരുന്നു. മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞതിനു ശേഷമാണ് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞത്. അധികം താമസിയാതെ മടിക്കൈ കക്കാട്ട് സ്കൂളിലേക്ക് സ്ഥലംമാറ്റമാവുകയായിരുന്നു.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾക്കൊപ്പം കാഞ്ഞങ്ങാട്ടെ വാടക ക്വാർട്ടേഴ്സിലാണ് സുലേഖ താമസിക്കുന്നത്. കക്കാട്ട് സ്കൂളിലേക്ക് പോകണമെങ്കിൽ അരമണിക്കൂറിലേറെ നേരം ബസിലിരിക്കണമായിരുന്നു. ഈ വർഷമാദ്യം ഹൊസ്ദുർഗിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ ഏറെ ആശ്വാസമായതാണ്. ഇനി തൃക്കരിപ്പുരിലേക്ക് പോകണമെങ്കിൽ ഒരു മണിക്കൂറോളം ബസിലിരിക്കേണ്ടിവരും. അല്ലെങ്കിൽ അധ്യയനവർഷത്തിന്റെ ഇടയിൽവച്ച് മകളുടെ പഠനമുൾപ്പെടെ തൃക്കരിപ്പുരിലേക്ക് മാറ്റേണ്ടിവരും.
വോക്കിംഗ് സ്റ്റിക്കില്ലാതെ നടക്കാൻ പോലുമാകാത്ത സുലേഖയ്ക്ക് ഇനി ദിവസവും അങ്ങോട്ടുമിങ്ങോട്ടുമായി രണ്ടു മണിക്കൂർ ബസിലിരിക്കുന്ന കാര്യം ആലോചിക്കാൻ പോലും ബുദ്ധിമുട്ടാണ്. ഇപ്പോൾ ഹൊസ്ദുർഗ് സ്കൂളിലേക്ക് ഓട്ടോറിക്ഷയിലെത്തുമ്പോൾതന്നെ വിദ്യാർഥികളോ മറ്റധ്യാപകരോ കൈപിടിച്ചെഴുന്നേൽപ്പിച്ചാണ് മുറിയിലെത്തിക്കുന്നത്.
ഓണാവധി കഴിയുമ്പോഴേക്കും സർക്കാരും വിദ്യാഭ്യാസവകുപ്പും കനിഞ്ഞ് സ്ഥലംമാറ്റം ഒഴിവാക്കിത്തരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സുലേഖ കാത്തിരിക്കുന്നത്.