രാജ്യത്ത് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കടന്നു
എസ്.ആർ. സുധീർ കുമാർ
Friday, September 5, 2025 6:55 AM IST
പരവൂർ (കൊല്ലം): രാജ്യത്ത് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കടന്നു. 2025 മാർച്ചിൽ 96.91 കോടിയായിരുന്ന ഇന്ത്യയിലെ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 2025 ജൂൺ അവസാനത്തോടെയാണ് 3.48 ശതമാനം വർധിച്ച് 100 .28 കോടി ആയത്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മാത്രമല്ല ഈ 100 കോടിയിലധികം വരിക്കാരിൽ 4.47 കോടി ആൾക്കാർക്ക് ഫിക്സഡ് വയേർഡ് ഇന്റർനെറ്റ് കണക്ഷനുകളും 95.81 കോടി പേർക്ക് വയർലെസ് കണക്ഷനുകളുമാണുള്ളത്.മൊത്തം വരിക്കാരിൽ 2.31 കോടി പേർ നാരോബാൻഡ് കണക്ഷനുകൾ ഉള്ളവരാണ്. 97.97 കോടി പേർ ബ്രോഡ്ബാൻഡ് വരിക്കാരുമാണ്.
റിപ്പോർട്ടിൻപ്രകാരം നഗരപ്രദേശങ്ങളിലെ വരിക്കാരുടെ എണ്ണം 57.94 കോടിയാണ്. ഗ്രാമീണ മേഖലയിൽ 42.33 കോടി വരിക്കാരുമുണ്ട്. ഓരോ വരിക്കാരന്റെയും ശരാശരി വയർലെസ് ഡേറ്റ ഉപയോഗം 24.01 ജിബി ആയാണ് റിപ്പോർട്ടിൽ. ഓരോ വയർലെസ് വരിക്കാരനും പ്രതിമാസം ശരാശരി 1006 മിനിറ്റ് ഡേറ്റ ഉപയോഗിക്കുന്നതായും റിപ്പോർട്ടിലുണ്ട്.