ആശമാര്‍ക്ക് ഓണസദ്യയൊരുക്കി ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ഫോറം
സ്വന്തം ലേഖകന്‍
Friday, September 5, 2025 6:56 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്കു ഓണസദ്യയൊരുക്കി ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ഫോറം. ഇന്നലെ ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നിലെ ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ നടന്ന പരിപാടി വഴിയാത്രക്കാര്‍ക്കും കൗതുകമായി. ഉമ്മന്‍ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശാ വര്‍ക്കര്‍മാര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി എത്തിച്ചേര്‍ന്നു.
സമരപ്പന്തലില്‍ ആശാപ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി. ഓണപ്പാട്ടു പാടിയും സന്തോഷം പങ്കുവച്ചും ആശമാര്‍ക്കൊപ്പം സമയം ചെലവഴിച്ച മറിയാമ്മ ഉമ്മനും രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ആശാ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്.
ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ഫോറം പ്രസിഡന്റ് എം.വിന്‍സെന്റ് എംഎല്‍എ സ്വാഗതം ആശംസിച്ച പരിപാടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നുവെങ്കില്‍ ആശമാര്‍ക്ക് ഇത്തരത്തില്‍ തെരുവില്‍ സമരം ചെയ്യേണ്ടി വരുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്, കോണ്‍ഗ്രസ് നേതാക്കളായ എം.എം. ഹസന്, ജി.സുബോധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആശാവര്‍ക്കര്‍മാര്‍ക്ക് വളരെ വിഷമത്തോടെ കടന്നു പോകേണ്ട ഒരു ദിവസമായിരുന്നു ഉത്രാട ദിനമായിരുന്ന ഇന്നലെയെന്നു കേരള ആശ ഹെല്‍ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. രണ്ടു ദിവസം കൂടി കഴിയുമ്പോള്‍ സമരം ആരംഭിച്ച് ഏഴുമാസം പിന്നിടുകയാണ്. 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കാമായിരുന്ന ഒരു പ്രശ്നമാണ് ഇത്തരത്തില്‍ നീണ്ടുപോയത്. ഈ സമരത്തില്‍ ആശയും പ്രതീക്ഷയും നല്കി ഞങ്ങള്‍ ഒറ്റയ്ക്കല്ലെന്നു പ്രഖ്യാപിച്ചു കടന്നുവന്ന ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ഫോറത്തിനു നന്ദി പറയുന്നതായും മിനി പറഞ്ഞു.