കാർഷിക സർവകലാശാല; സെമസ്റ്റർ ഫീസിൽ ഇരുട്ടടി
Sunday, September 7, 2025 1:35 AM IST
തൃശൂർ: വിദ്യാർഥിപ്രതിഷേധം മറികടന്ന് കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകളുടെ സെമസ്റ്റർ ഫീസ് കുത്തനേ ഉയർത്തി.
സാന്പത്തിക പ്രതിസന്ധി മറികടക്കാൻ സർവകലാശാല വിദ്യാർഥികൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയാണെന്നാണ് വിദ്യാർഥിസംഘടനകളുടെ ആരോപണം. സർവകലാശാലാ എക്സിക്യൂട്ടീവുമായി ചർച്ച ചെയ്തു മാത്രമേ ഫീസ് വർധിപ്പിക്കൂ എന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും വിദ്യാർഥിസംഘടനകളെ അറിയിക്കാതെയാണു തീരുമാനം.
നിയമാനുസൃത ഫീസ് വർധന നിലവിലുള്ള നിരക്കിൽനിന്ന് അഞ്ച് ശതമാനം മാത്രമേ ആകാവൂ എന്നാണു ചട്ടം.
ഇതനുസരിച്ച് ഡിഗ്രി സെമസ്റ്ററിന് 600 രൂപയും പിജി സെമസ്റ്ററിനു 900 രൂപയും പിഎച്ച്ഡിക്ക് 939 രൂപയുമാണു വർധിപ്പിക്കേണ്ടത്.
ഇതിനുപകരം അഞ്ചിരട്ടിയോളം വർധനയുണ്ടായി. നിലവിലെ വിദ്യാർഥികളെ ഫീസ് വർധന ബാധിക്കില്ലെങ്കിലും അടുത്ത അക്കാദമിക വർഷംമുതൽ നിലവിൽവരും.
ബിഎസ് സി അഗ്രിക്കൾച്ചർ, ഫോറസ്ട്രി, സി ആൻഡ് ബി, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയണ്മെന്റൽ സയൻസ്, ബിടെക് അഗ്രികൾച്ചറൽ എൻജിനിയറിംഗ്, ബയോ ടെക്നോളജി എന്നിവയിലെ ബിടെക് ബിരുദങ്ങൾക്കുള്ള ഫീസ് 12,000 എന്നത് 48,000 ആയി ഉയർത്തി. പിഎച്ച്ഡി വിദ്യാർഥികളുടെ സെമസ്റ്റർ ഫീസ് 18,780 ആയിരുന്നത് 49,990 ആയും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികളുടേത് 17,845 എന്നത് 49,500 ആയും ഉയർത്തി.
ഫീസ് വർധനയ്ക്കെതിരേ സമരം തുടരുമെന്ന് എസ്എഫ്ഐയും കെഎസ്യുവും അറിയിച്ചു.