എക്സൈസ് ഉദ്യോഗസ്ഥന്റെ കാർ പിന്തുടർന്നു പരിശോധന; അരലക്ഷം രൂപയും ഏഴു കുപ്പി വിദേശമദ്യവും പിടികൂടി
Friday, September 5, 2025 6:44 AM IST
കൊരട്ടി: ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ. ശങ്കറിന്റെ കാർ പിന്തുടർന്നു വിജിലൻസ് നടത്തിയ പരിശോധനയിൽ 50,640 രൂപയും ഏഴു കുപ്പി വിദേശമദ്യവും പിടികൂടി. ഇന്നലെ രാവിലെ 11നു ചിറങ്ങരയിൽ കാർ തടഞ്ഞായിരുന്നു പരിശോധന. കാറിൽ എൻ. ശങ്കറിനു പുറമേ, ഇരിങ്ങാലക്കുട സ്വദേശികളായ എസ്.എ. ഫൈസൽ, കെ.എ. ജമാൽ എന്നിവരുമുണ്ടായിരുന്നു.
ഓണാഘോഷത്തിനു ശങ്കർ തിരുവനന്തപുരത്തെ വീട്ടിലേക്കു പോകുന്ന വഴിയാണു വിജിലൻസിന്റെ മിന്നൽപരിശോധന. മാസാവസാനം അവധിയെടുത്തു നാട്ടിലേക്കു പോകുന്പോൾ ബാറുടമകളിൽനിന്നും ഷാപ്പ് കോണ്ട്രാക്ടർമാരിൽനിന്നും വ്യാപക പണപ്പിരിവു നടത്തുന്നെന്നും വിലകൂടിയ മദ്യം കടത്തുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എൻ. ശങ്കർ നിരീക്ഷണത്തിലായിരുന്നു.
പ്രവാസിയായ സുഹൃത്ത് എയർപോർട്ടിൽനിന്നു നിയമപരമായി വാങ്ങിയ മദ്യമാണ് വാഹനത്തിലുള്ളതെന്നും പണം സ്വന്തം ആവശ്യത്തിനു കരുതിയതാണെന്നും എൻ. ശങ്കർ പ്രതികരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂവരെയും വിട്ടയച്ചു.
പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു കൈമാറുമെന്നും ഡയറക്ടറുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികളെന്നും തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോൾ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, ശെൽവകുമാർ, വിബീഷ്, സിബിൻ, സൈജു സോമൻ, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഈ മാസം രണ്ടിന് ഓപ്പറേഷൻ സേഫ് സിപ്പ് എന്ന പേരിൽ എക്സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ചു വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്നും ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്ന പരാതി ഉയർന്നതോടെയാണ് വിജലൻസ് പരിശോധന കർശനമാക്കിയത്.