വിദ്യാര്‍ഥിപ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്
Sunday, September 7, 2025 1:35 AM IST
തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അനുമതി നല്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. മെഡിക്കല്‍ കോളജിന് അനുമതി ലഭിച്ചത് രണ്ട് ജില്ലകളെയും സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രണ്ട് മെഡിക്കല്‍ കോളജുകളും സന്ദര്‍ശിച്ച് വിദ്യാര്‍ഥി പ്രവേശനത്തിനായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണം. സമയബന്ധിതമായി എംബിബിഎസ് അഡ്മിഷന് നടത്താനും മന്ത്രി നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ യോഗങ്ങളിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും നേരത്തേ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളില്‍ പിഎസ്സി വഴിയുള്ള നിയമനം ഉറപ്പാക്കും. രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും അധികമായി ആവശ്യമുള്ള തസ്തികള്‍ സംബന്ധിച്ച് നേരത്തേതന്നെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു.
ഓണത്തിന്റെ തിരക്കാണെങ്കിലും അഡ്മിഷന് തീയതി അടുത്ത സാഹചര്യത്തില്‍ സമയബന്ധിതമായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി.