വിടപറഞ്ഞത് മരിച്ചവരുടെ നാവായി സത്യങ്ങള്‍ വിളിച്ചുപറഞ്ഞ ഫോറന്‍സിക് സര്ജന്
സ്വന്തം ലേഖകന്‍
Friday, September 5, 2025 6:55 AM IST
കോഴിക്കോട്: മരിച്ചവരുടെ നാവായി സത്യങ്ങള്‍ വിളിച്ചുപറഞ്ഞ ഫോറന്‍സിക് സര്ജന് ഡോ. ഷെര്‍ലി വാസു വിടപറയുമ്പോള്‍ അവസാനിക്കുന്നത് അനുഭവസമ്പന്നമായ ഒരധ്യായമാണ്.
സ്ത്രീകള്‍ അധികം കടന്നുവരാത്ത ഫോറന്‍സിക് മേഖലയെ ധൈര്യത്തോടെ മെരുക്കിയെടുത്ത് മരിച്ചവരുടെ വര്‍ത്തമാനമായി അവര്‍ മാറി. ആയിരക്കണക്കിന് പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടത്തിയ ഡോക്ടറുടെ കേസ് ഫയലുകളില്‍ നിരവധി സത്യങ്ങള്‍ പിറന്നുവീണു.
അസ്വാഭാവികമായി മരിച്ചവരുടെ വെളിപ്പെടുത്തലുകളായിരുന്നു കോടതികളില്‍ ഷെര്‍ലി വാസുവിന്റെ മൊഴി. അകാലത്തില്‍ മരിച്ചവര്‍ പറയാനാഗ്രഹിച്ച സത്യങ്ങള്‍ മൃതദേഹങ്ങളില്‍നിന്നു കണ്ടെത്തി മരണാനന്തരം അവര്‍ക്ക് നീതി നേടി നല്‍കിയാണ് അവര്‍ വിടവാങ്ങിയത്. വാക്കുകള്‍ ചേര്‍ത്ത് പറയാനാകാത്ത നവജാത ശിശുക്കള്‍ക്കും പ്രായാധിക്യത്താല്‍ സംസാരശേഷി വരെ നഷ്ടപ്പെട്ടവര്‍ക്കും മരണത്തിന് തൊട്ടുമുന്‍പ് സംഭവിച്ചതെന്തെന്ന് ഷെര്‍ലി വാസുവിലൂടെ പുറംലോകം കേട്ടറിഞ്ഞു ഞെട്ടി. ഓരോ കേസ് ഫയലുകളിലും ഒളിഞ്ഞിരുന്നത് ഞെട്ടിപ്പിക്കുന്ന നിരവധി സത്യങ്ങളായിരുന്നു.
സ്വന്തമെന്നു വിശ്വസിച്ചവരും കൂടെ നടന്നവരും ചതിച്ചുകൊലപ്പെടുത്തിയതിന്റെ സത്യങ്ങളാണ് സര്‍വീസിലിരിക്കേ ഷെര്‍ലി വാസു തെളിയിച്ചത്. കടലുണ്ടി ട്രെയിന്‍ അപകടത്തില്‍പ്പെട്ടവരുടെയും പൂക്കിപ്പറമ്പില്‍ ബസ് അപകടത്തില്‍ വെന്തെരിഞ്ഞവരുടെയും ഉള്‍പ്പെടെ ഓടുന്ന ട്രെയിനില്‍നിന്നു തള്ളിയിട്ട് ക്രൂരമായി ബലാത്സംഗത്തിനിരയായ സൗമ്യക്കും ചലച്ചിത്രകാരന് ജോണ്‍ ഏബ്രഹാമിനുമെല്ലാം സംഭവിച്ചതെന്തെന്നതിന് ഷെര്‍ലി വാസുവിന് റെഫയല് സാക്ഷിയായി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും കോടതികളിലുമെല്ലാം ആ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ജീവിക്കുന്നവരുടെ ശബ്ദത്തേക്കാള്‍ ഗാംഭീര്യമുള്ളതായിരുന്നു.
മുങ്ങിയ കിണറിന്റെ ആഴങ്ങളും തൂങ്ങിയ കയറിന്റെ ബലവും കഴിച്ച വിഷത്തിന്റെ വീര്യവും ശരീരത്തിലാഴ്ന്നിറങ്ങിയ കത്തിയുടെ മൂര്‍ച്ചയുമെല്ലാം മുന്നിലെത്തിയ മൃതദേഹങ്ങളില്‍നിന്ന് ഷെര്ലിവാസു എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. തെറ്റായ പ്രവൃത്തികൊണ്ടുണ്ടായ മരണങ്ങളിലെല്ലാം മരിച്ചവന്റെ കൂടെനിന്നുള്ള റിപ്പോര്‍ട്ടായിരുന്നു അവരുടേത്. കുഴിച്ചു മൂടപ്പെട്ട നിരവധി കേസുകള്‍ ഡോ. ഷെര്‍ലി വാസുവിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സത്യമായി പുറത്തു വന്നു.
‘പോസ്റ്റ്മോര്‍ട്ടം ടേബിള്‍’ എന്നകൃതിയിലൂടെ തന്റെ ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങളെ അവര്‍ അടയാളപ്പെടുത്തുകയും ചെയ്തു. പദ്മരാജനനെന്ന സംവിധായകന്റെ ആരാധികയ്ക്ക് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴുണ്ടായ വികാരങ്ങളുടെ സ്ഫോടനം വരെ അവര്‍ കുറിച്ചിട്ടു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഫൊറന്‍സിക് മെഡിസിന് വിഭാഗത്തില്‍ അറിവ് പകര്‍ന്നു നല്‍കുകയും ചെയ്തിട്ടാണ് ഷെര്‍ലി വാസുവിന്റെ മടക്കം.