കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭമെന്ന് മുൻ തടവുകാരന്റെ വെളിപ്പെടുത്തൽ
Sunday, September 7, 2025 1:35 AM IST
കണ്ണൂര്: മദ്യവും കഞ്ചാവുമുൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ഒരു തടസവുമില്ലാതെ ആവശ്യക്കാർക്കു സുലഭമായി ലഭിക്കുന്നുണ്ടെന്നു മുൻ തടവുകാരന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജയിലിനകത്ത് എത്തുന്ന ബീഡി തടവുകാർതന്നെ കരിഞ്ചന്തയിലാണു വില്പന നടത്തുന്നത്. മൂന്നു കെട്ട് ബീഡിക്ക് ആയിരം രൂപവരെ ഈടാക്കുന്നുണ്ട്. ജയിലിനകത്തേക്കു മദ്യം, കഞ്ചാവ്, മൊബൈൽ ഫോണുകൾ എന്നിവ എത്തുന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ്. ജയിലിനു പുറത്തുനിന്നു സാധനങ്ങൾ എറിഞ്ഞുകൊടുക്കുന്നുണ്ട്. ഇതിനു പിന്നിലും ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് കരുതുന്നു.
അധികൃതരുടെയും മറ്റുള്ളവരുടെയും ശ്രദ്ധ തിരിക്കാനാണ് ചിലപ്പോഴൊക്കെ ഫോണും മറ്റും പിടിച്ചെടുക്കുന്നത്. സ്വാധീനമുള്ള തടവുകാർക്ക് എന്തും ലഭിക്കുമെന്ന അവസ്ഥയാണു കണ്ണൂർ സെൻട്രൽ ജയിലിൽ. രാഷ്ട്രീയമായി സ്വാധീനമുള്ള തടവുകാരെ ജീവനക്കാർക്കു ഭയമാണെന്നും മുൻ തടവുകാരൻ വെളിപ്പെടുത്തി.