നിലന്പൂർ പോലീസ് ക്യാന്പിൽ പുലിയിറങ്ങി ;വെടിയുതിർത്ത പോലീസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Friday, September 5, 2025 6:55 AM IST
നിലന്പൂർ: നിലന്പൂർ എംഎസ്പി ക്യാന്പിൽ പുലിയിറങ്ങി. മുന്നിൽപ്പെട്ട പോലീസുകാരൻ പുലിക്കു നേരേ വെടിയുതിർത്തതോടെ പുലി ഓടി മറിഞ്ഞു. പോലീസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പുലി ഭീതിയിൽ കഴിയുന്ന നിലന്പൂരിന് ആശങ്ക സൃഷ്ടിച്ചാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ പുലി എത്തിയത്. ക്യാന്പിൽ പാറാവുനിന്ന പോലീസുകാരനുനേരേ പുലി എത്തിയതോടെയാണ് അദ്ദേഹം വെടിവച്ചത്.
എന്നാൽ, ഉന്നം തെറ്റിയതോടെ തത്ക്ഷണം പുലി ഓടിമറയുകയായിരുന്നു. ക്യാന്പിനു സമീപത്ത് മുള്ളൻപന്നിയെ കൊന്നുതിന്നനിലയിൽ കണ്ടെത്തിയിട്ടുണ്ട്. പുലിതന്നെയാണ് പോലീസ് ക്യാന്പിൽ എത്തിയതെന്നു വനം വകുപ്പ് സ്ഥീരികരിച്ചു. പുലിയെ കണ്ടെത്താൻ ഇവിടെ കാമറയും കൂടും സ്ഥാപിക്കാൻ തീരുമാനമായി. നിലന്പൂരിന്റെ വിവിധ ഭാഗങ്ങളിൽ പുലി ഉൾപ്പെടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്പോഴും വനംവകുപ്പിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടി ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾക്കു കാരണമാകുന്നതെന്ന് നിലന്പൂർ നഗരസഭ വൈസ് ചെയർപേഴ്സണ് അരുമ ജയകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ പുലിശല്യമുണ്ട്. നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാറിനെ നേരിൽ കണ്ട് സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു. എന്നാൽ, നടപടി മാത്രം ഉണ്ടായില്ലെന്നും അവർ പറഞ്ഞു. വനത്തിലെ അടിക്കാടുകൾ വെട്ടാത്തതിനാൽ പുലിക്ക് പകൽ സമയം കാട്ടിൽ തങ്ങാൻ കഴിയുമെന്നും അരുമ ജയകൃഷ്ണൻ ചൂണ്ടിക്കാട്ടി.
നിലന്പൂർ നഗരസഭ ഒന്നാം ഡിവിഷനായ ആശുപത്രിക്കുന്നിൽ ഉൾപ്പെട്ട ഡിവൈഎസ്പി ഓഫീസിനു സമീപമാണ് എംഎസ്പി ക്യാന്പുള്ളത്. ചാലിയാർ പുഴ കടന്നാണു പുലിയെത്തിയതെന്നാണു കരുതുന്നത്. നിലന്പൂർ പോലീസ് ക്യാന്പും വനംഓഫീസും കേവലം 500 മീറ്ററിന്റെ വ്യത്യാസം മാത്രമേയുള്ളൂ.
ആയിരക്കണക്കിനു വാഹനയാത്രക്കാർ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിന്റെ 200 മീറ്റർ മാത്രം ദൂരെ പുലി എത്തിയത് ആശങ്ക വർധിപ്പിക്കുകയാണ്. മേഖലയിൽ പുലിശല്യം വർധിച്ചതോടെ ആവശ്യത്തിനു കൂടു പോലുമില്ലാത്ത അവസ്ഥയിലാണു വനം വകുപ്പ്.