നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കു നിയമപ്രാബല്യം
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കു നിയമ പ്രാബല്യം നല്കുന്ന നികുതി നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി.
2024ലെ കേരള ടാക്സേഷന്‍ നിയമ (ഭേഗദതി) ബില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണു അവതരിപ്പിച്ചത്. ബില്‍ നിയമമായതോടെ മനഃപൂര്‍വമല്ലാത്ത കാരണത്താല്‍ നികുതി കുടിശിക നിയമനടപടികള്‍ക്ക് വിധേയരായിട്ടുള്ള സംസ്ഥാനത്തെ 21,000ഓളം വ്യാപാരികള്‍ക്ക് ആംനസ്റ്റി പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
നിര്‍ദിഷ്ട സമയത്തിനു ശേഷം ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് എടുത്തവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ജിഎസ്ടി നോട്ടീസുകളുടെ സമയപരിധി ഏകീകരിച്ച് മൂന്നര വര്‍ഷമാക്കി.ട്രൈബ്യൂണല്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ബില്ലിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ഇഎന്‍എയുടെ (എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) നികുതി അവകാശം സംസ്ഥാന നികുതിയില്‍ത്തന്നെ നിലനിര്‍ത്തുന്നതിനായി, ഇഎന്‍എ ജിഎസ്ടിക്കു പുറത്താണെന്ന് വ്യക്തമാക്കുന്ന ഭേഗദതിയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിഎസ്ടിക്കു പുറത്തുള്ള രണ്ട് സെക്ഷനുകള്‍ കൂടി ഈ ബില്ലിലുണ്ട്.
ഇതിനു പുറമേ 2024ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് (ഭേദഗതി) ബില്‍, 2024ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് (ഭേദഗതി) ബില്‍, 2024ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍ എന്നീ ബില്ലുകളും നിയമസഭ പാസാക്കി.