ഏക കിടപ്പാട സംരക്ഷണ ബില്ലിന് അംഗീകാരം
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: ഏക കിടപ്പാടം മാത്രമുള്ളവരെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്തി നടപടികളിൽ നിന്ന് രക്ഷിക്കാനുള്ള കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
സാന്പത്തിക ബുദ്ധിമുട്ട് അടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ( മനപ്പൂർവമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുന്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്. ഇത്തരത്തിലുള്ള അർഹരായവരെ കണ്ടെത്താൻ സംസ്ഥാന- ജില്ലാ തലങ്ങളിൽ സമിതികൾ/ അഥോറിറ്റികൾ രൂപീകരിക്കും.
പൊതുമേഖലാ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, കെഎസ്എഫ്ഇ, കെഎഫ്സി പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നു വായ്പ എടുത്തവർക്കാണ് ഇതിന്റെ സംരക്ഷണം ലഭിക്കുക. എന്നാൽ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയെടുത്തവർക്ക് ബില്ലിലെ വ്യവസ്ഥ പ്രകാരം സംരക്ഷണം ലഭിക്കില്ല.
പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.