നിയമസഭാ സമ്മേളനം ഇന്നു മുതല്‍; നിയമ നിര്‍മാണം മുഖ്യം
Monday, September 15, 2025 6:14 AM IST
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 14-ാം സമ്മേളനം ഇന്നു മുതല്‍ ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന സഭാസമ്മേളനം ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും. ആദ്യ ദിവസമായ ഇന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്, പീരുമേട് നിയോജകമണ്ഡലത്തില്‍ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂര്‍ സോമന് എന്നിവരുടെ നിര്യാണത്തില്‍ അുശോചനം രേഖപ്പെടുത്തി പിരിയും.
പ്രധാനമായും നിയമനിര്‍മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തിലെ ബാക്കി 11 ദിവസങ്ങളില്‍ ഒന്‍പതു ദിവസങ്ങള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും രണ്ടു ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനുമായി വിനിയോഗിക്കും. ഈ സമ്മേളന കാലയളവില്‍ പൊതുവില്പന നികുതി ഭേദഗതി ബില്‍, കേരള സംഘങ്ങള്‍ രജിസ്ട്രേഷന് ബില്‍, കേരള ഗുരുവായൂര്‍ ദേവസ്വം ബില്‍, കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പരിഗണിക്കും.
2025ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഭേദഗതി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്. സഭയുടെ പരിഗണനയ്ക്കു വരുന്ന എല്ലാ ബില്ലുകളേയും സംബന്ധിക്കുന്ന വിശദമായ സമയക്രമവും മറ്റ് ഗവണ്മെന്റ് കാര്യങ്ങളുടെ ക്രമീകരണവും സംബന്ധിച്ച് ഇന്നു ചേരുന്ന കാര്യോപദേശക സമിതി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.
ഒക്ടോബര്‍ ആറിന് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഒക്ടോബര്‍ ഏഴിന് ധനവിനിയോഗബില്‍ പരിഗണിക്കും. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ പത്തിന് സഭ പിരിയും.