കേരള പോലീസ് പാർട്ടിപ്പണിയെടുക്കുന്നു: ഷാഫി പറന്പിൽ
Tuesday, September 16, 2025 1:51 AM IST
തൃശൂർ: വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനെ സ്ഥലംമാറ്റി സംരക്ഷിച്ചുള്ള സർക്കാർ നടപടിയല്ല വേണ്ടതെന്നും അതിക്രമംകാട്ടിയ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്നു പിരിച്ചുവിടുകയാണു വേണ്ടതെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ എംപി പറഞ്ഞു.
എസ്എഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന കെഎസ്യു നേതാക്കളെ വിയ്യൂർ സബ് ജയിലിൽ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു ഷാഫി.
ഒരു ഏരിയ സെക്രട്ടറി പെരുമാറുന്നതിലും മോശമായി രാഷ്്ട്രീയപക്ഷപാതത്തോടെയാണ് ഷാജഹാൻ ഇടപെട്ടത്. കെഎസ്യു പ്രവർത്തകരെ തീവ്രവാദികളെപ്പോലെ മുഖംമൂടി ധരിപ്പിച്ചു കോടതിയിൽ കൊണ്ടുപോയത്. കേരള പോലീസ് ധരിക്കുന്നത് കാക്കിയൂണിഫോമാണെങ്കിലും പാർട്ടിക്കുവേണ്ടിയാണ് പണിയെടുക്കുന്നത്. വിവരാവകാശനിയമംവരെ സിപിഎമ്മുകാർ അട്ടിമറിച്ചു.
എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റു സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്യു പ്രവർത്തകൻ ജിജീഷിനെയും ഷാഫി പറന്പിൽ സന്ദർശിച്ചു.