ജനന നിയന്ത്രണത്തിന് ബില്ലിൽ വ്യവസ്ഥ
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ അവയുടെ ജനന നിയന്ത്രണം നടത്തൽ, മറ്റ് സ്ഥലങ്ങളിലേക്ക് നാടുകടത്തൽ എന്നിവയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കിയ കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏതു വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചുവെന്ന് കണ്ടാൽ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതിനു ബില്ലിൽ വ്യവസ്ഥയുണ്ട്.
ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ അത്തരം വന്യജീവിയെ ആർക്കു വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാം. അതിന്റെ ഇറച്ചി കഴിക്കാനും തടസമില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന്റെ നിവേദനങ്ങൾ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നൽകയില്ല.
അതിനാൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സംസ്ഥാന സർക്കാർ നിയമിക്കുകയും കേന്ദ്രസർക്കാരിന്റെ നിബന്ധനകൾക്ക് വിധേയമായി കൊന്ന് സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയുമാണ്.