കാർഷിക സ്വപ്നങ്ങളുടെ തകർച്ച; അതിജീവന വെല്ലുവിളികൾ
പ്രിൻസ് ദേവസ്യ
Monday, September 15, 2025 6:39 AM IST
ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക ഫാമുകളിലൊന്നെന്ന് ഖ്യാതി നേടിയിരുന്ന കണ്ണൂർ ജില്ലയിലെ ആറളം ഫാം, ഇന്ന് വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണവും അതിന്റെ ഫലമായുണ്ടായ സാമ്പത്തിക തകർച്ചയും കാരണം പ്രതാപം നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിലാണ്. ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്രയവും സർക്കാരിന് വരുമാന സ്രോതസുമായിരുന്ന ഈ വാഗ്ദത്ത ഭൂമി, ഇപ്പോൾ വൻഉത്പാദന നഷ്ടവും മനുഷ്യജീവനുകളുടെ ദുരന്തവും പേറി നിൽക്കുന്നു.
ഗുരുതര സാമ്പത്തികത്തകർച്ച
വന്യജീവി ആക്രമണം മൂലം ഫാമിന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 2017 മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ മാത്രം 91.77 കോടി രീപയുടെ നഷ്ടമുണ്ടായതായി ഫാം അധികൃതർ വനം വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫാമിന്റെ നിലവിലെ പ്രതിസന്ധി സ്വയം സംഭവിച്ചതല്ല. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ വൈരുദ്ധ്യത്തിന്റെ പരിണതഫലമാണ്. എല്ലാ തോട്ടവിളകളും നിറഞ്ഞു നിന്നിരുന്ന 7000 ഏക്കർ ഭൂമി ആദിവാസി പുനരധിവാസം എന്ന മാനുഷിക ലക്ഷ്യത്തോടെ വിഭജിച്ച തീരുമാനം ഫാമിന്റെ നാശത്തിന്റെ മൂലകാരണമായി മാറിയെന്ന് വിലയിരുത്തപ്പെടുന്നു.
ഭരണപരമായ നിഷ്ക്രിയത്വം
വന്യജീവി ആക്രമണങ്ങളെ ചെറുക്കാൻ നിർദേശിക്കപ്പെട്ട ആനമതിൽ, സോളാർ വേലി തുടങ്ങിയ പ്രതിരോധ നടപടികൾക്ക് ഭരണാനുമതിയും ഫണ്ടും ഉണ്ടായിരുന്നിട്ടും ബ്യൂറോക്രാറ്റിക് തടസങ്ങളും വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും കാരണം ഇവയുടെ നിർമാണം വർഷങ്ങളോളം വൈകുകയും ഇതുവരെയും പൂർത്തീകരിക്കപ്പെടുകയും ചെയ്തിട്ടില്ല. ഇത് നിരവധി മനുഷ്യജീവൻ നഷ്ടപ്പെടുന്നതിനും കോടിക്കണക്കിനു രൂപയുടെ വിളനാശത്തിനും നാശത്തിനും കാരണമായിട്ടുണ്ട്..
സാമ്പത്തിക നഷ്ടങ്ങൾക്കപ്പുറം, ആറളം ഫാമിലെ സ്ഥിതിവിശേഷം ഒരു ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമായി വികസിച്ചു. പുനരധിവാസ പദ്ധതി ആരംഭിച്ചതിനുശേഷം ഇരുപതോളംപേരാണ് ഇവിടെ വന്യജീവി ആക്രണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
ഈ ദുരവസ്ഥയെത്തുടർന്ന് ആദിവാസി, കർഷക സംഘടനകൾ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥർക്കെതിരേ നരഹത്യക്ക് കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചത് നിലവിലെ ഭരണപരമായ പരാജയത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. ഈ പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഫാമിന്റെ സാമ്പത്തിക പുനരുജ്ജീവനം അത്യന്താപേക്ഷിതമാണ്. വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനും ആദിവാസി സമൂഹത്തെ ശക്തീകരിക്കുന്നതിനും വേണ്ടിയുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമായ നടപടികളും അനിവാര്യമാണ്.
കാർഷിക ഭൂമിയിൽനിന്ന് പുനരധിവാസ മേഖലയിലേക്ക്
1970-71 കാലഘട്ടത്തിൽ പഴയ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ കേന്ദ്രസർക്കാരാണ് ആറളം ഫാം സ്ഥാപിച്ചത്. തോട്ടവിളകൾ കൃഷി ചെയ്യുന്നതിനായി വനമായിരുന്ന ഈ ഭൂമി 1970-1975 കാലഘട്ടത്തിൽ വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കുകയായിരുന്നു. മലബാറിന്റെ ചരിത്രത്തിൽ ഇതിനുമുണ്ട് ഒരു പ്രത്യേക പ്രാധാന്യം. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിൽ കേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശിരാജ അഭയം തേടിയിരുന്നത് ആറളം ഉൾപ്പെടെയുള്ള ഈ വനമേഖലകളിലായിരുന്നു.
1971ൽ സെൻട്രൽ സ്റ്റേറ്റ് ഫാം ആയിട്ടാണ് ഇത് സ്ഥാപിതമായത്. സങ്കര ഇനം നാളികേര വിത്തുകളുടെ ഉത്പാദനത്തിലൂടെ ഈ സ്ഥാപനം രാജ്യത്തെ പ്രധാന കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായി വളർന്നു. തെങ്ങ്, കവുങ്ങ്, കശുവണ്ടി, റബർ, മറ്റ് തോട്ടവിളകൾ എന്നിവ 7000 ഏക്കറിലായി വ്യാപിച്ചുകിടന്നിരുന്നു. സമീപ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ആ കാലഘട്ടത്തിൽ വരുമാന മാർഗത്തിനായി ഫാമിൽ വിവിധ തൊഴിലുകൾ ചെയ്തായിരുന്നു ഉപജീവനം കഴിച്ചുകൊണ്ടിരുന്നത്.
ഈ കാർഷിക മേഖലയുടെ ഭാവിക്ക് മേൽ ഒരു നിർണായക വഴിത്തിരിവുണ്ടാകുന്നത് 2004ലാണ്. പതിറ്റാണ്ടുകളായി തുടർന്ന ആദിവാസി ഭൂസമരങ്ങളുടെ ഫലമായി, 2004ൽ അന്നത്തെ എ.കെ. ആന്റണി സർക്കാർ പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽനിന്ന് 42.9 കോടി രൂപ നൽകി കേന്ദ്ര സർക്കാരിൽനിന്ന് ഫാം വിലയ്ക്കു വാങ്ങി. ഫാമിന്റെ 7000 ഏക്കറിൽ 3500 ഏക്കർ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി വിതരണം ചെയ്യാനും ബാക്കി 3500 ഏക്കർ ഫാമായി നിലനിർത്തി പുനരധിവസിക്കപ്പെട്ട കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായിരുന്നു ഈ നീക്കത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ഈ പദ്ധതി ഘട്ടം ഘട്ടമായാണ് നടപ്പാക്കിയത്. 2006ൽ ഉമ്മൻ ചാണ്ടി സർക്കാർ 840 കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകി. പിന്നീട് 2007ലെ ഇടതുമുന്നണിയുടെ ഭരണകാലത്ത് കണ്ണൂർ, വയനാട് ജില്ലകളിലെ രണ്ടായിരത്തിലധികം കുടുംബങ്ങൾക്കും പിന്നീട് ഘട്ടം ഘട്ടമായി 500ൽപരം കുടുംബങ്ങൾക്കും ഭൂമി വിതരണം ചെയ്തു. ഈ പ്രദേശങ്ങളെല്ലാം ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തോടും കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോടും അതിർത്തി പങ്കിടുന്ന വനമേഖലയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
ആദിവാസി പുനരധിവാസം എന്ന മാനുഷിക ലക്ഷ്യത്തോടെയുള്ള ഈ നീക്കം ദീർഘവീക്ഷണവും വ്യക്തമായ ആസൂത്രണവും ഇല്ലാത്തതായിരുന്നു. ആറളം ഫാം ആനകളുടെ ആവാസവ്യവസ്ഥയാണെന്ന വനം വകുപ്പിന്റെ ഇപ്പോഴത്തെ വിചിത്രമായ അവകാശവാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. 2010ന് മുൻപ് ഈ പ്രദേശത്ത് ആനകൾ ഉണ്ടായിരുന്നില്ലെന്ന വസ്തുത പ്രദേശവാസി എന്ന നിലയ്ക്ക് വളരെ ആധികാരികമായി ലേഖകന് പറയാൻ സാധിക്കും.
ആറളം ഫാമിന്റെ വിഭജനം ഒരു വശത്ത് ലാഭം ലക്ഷ്യമിടുന്ന ഒരു കാർഷിക സ്ഥാപനവും മറുവശത്ത് വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ പുനരധിവസിപ്പിക്കപ്പെട്ട ഒരു ദുർബല സമൂഹവും തമ്മിലുള്ള ഒരു അടിസ്ഥാനപരമായ അന്തരം സൃഷ്ടിച്ചു. ഈ രണ്ട് ലക്ഷ്യങ്ങളെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടതാണ് ഇന്നത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
നഷ്ടക്കണക്കുകളും ഭരണപരമായ വീഴ്ചകളും
ആറളം ഫാം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേവലം വരുമാനക്കുറവിന്റെ പ്രശ്നമല്ല, മറിച്ച് വന്യജീവി ആക്രമണത്തിന്റെയും അതിനോടുള്ള ഭരണപരമായ സമീപനത്തിന്റെയും പ്രതിഫലനമാണ്. കാട്ടാന, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണം മൂലം ഫാമിന് വൻതോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായി. 2017 മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ മാത്രം 91.77 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഫാം വനം വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മുൻപ് 37 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും, അതിലും വലിയ നഷ്ടമാണ് പിന്നീട് ഉണ്ടായിട്ടുള്ളത്.
ഇത്രയും വലിയ സാമ്പത്തിക നഷ്ടങ്ങൾ ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ജീവനക്കാരുടെ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. ഏകദേശം 400 തൊഴിലാളികൾക്കും 20 ജീവനക്കാർക്കും മാസങ്ങളോളം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങി. തൊഴിലാളികൾക്ക് വേതനം നൽകാൻ മാത്രം മാസം 70 ലക്ഷം രൂപയാണ് ആവശ്യം. പിഎഫ് ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയിട്ടുണ്ട്.
കൂടാതെ, 2019 മുതൽ പലതവണയായി വർധിപ്പിച്ച ശമ്പളത്തിന്റെ കുടിശികയിനത്തിൽ ഒരു തൊഴിലാളിക്ക് 50,000-60,000 രൂപ ലഭിക്കാനുണ്ട്. മുഴുപ്പട്ടിണിയിലാണ് അവിടത്തെ 288 ആദിവാസി തൊഴിലാളി കുടുംബങ്ങൾ. ശമ്പളം ലഭിക്കാത്തതിനാൽ തൊഴിലാളികളുടെ വായ്പ അടവുകൾ മുടങ്ങി, ഇത് സഹകരണ സംഘത്തിന് ഒരു കോടി രൂപയുടെ ബാധ്യതയുണ്ടാക്കി. വിളനാശം കാരണം 50 ലക്ഷം രൂപ പ്രതിമാസം കണ്ടെത്തേണ്ടതുണ്ട്.
കാട്ടാന ഭയം കാരണം 6,000 റബർ മരങ്ങളിൽ ടാപ്പിംഗ് നടത്താൻ സാധിക്കാത്തതും വരുമാന നഷ്ടത്തിന് കാരണമായി. പൊതുമേഖലാ സ്ഥാപനമായിട്ടും ഫാമിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കില്ലെന്ന നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. ഇതിനിടെ, അഞ്ചു മാസത്തിലധികം ശമ്പളം മുടങ്ങിയ ഫാമിൽ പുതിയ തൊഴിലാളികളെ നിയമിച്ചത് ഈ പ്രതിസന്ധിയുടെ മറ്റൊരു മുഖം വ്യക്തമാക്കുന്നു.
ഉത്പാദനക്ഷമമല്ലാത്ത ഫാമിന്റെ ഭൂമി സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനമുണ്ടായത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ആദിവാസി പുനരധിവാസത്തിനായി വാങ്ങിയ ഭൂമി സ്വകാര്യവത്കരിക്കുന്നത് ഫാമിന്റെ അടിസ്ഥാന ലക്ഷ്യത്തെ ദുർബലപ്പെടുത്തുമെന്ന് രാഷ്ട്രീയ നേതാക്കൾ ആരോപിച്ചിരുന്നു. മാനേജിംഗ് ഡയറക്ടർ തസ്തിക ഒഴിഞ്ഞു കിടന്നതും സാമ്പത്തിക കാര്യങ്ങളിൽ ധനകാര്യ വകുപ്പിന്റെ നിഷേധാത്മക സമീപനവും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
ആവർത്തിക്കുന്ന ദുരന്തങ്ങൾ
ഫാമിന്റെ തകർച്ചയുടെ ഏറ്റവും ദയനീയമായ വശം വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞ മനുഷ്യജീവനുകളാണ്. പുനരധിവാസ പദ്ധതി ആരംഭിച്ചതിനുശേഷം ഇരുപതോളം പേരാണ് വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇത് ഈ മേഖല നേരിടുന്ന കടുത്ത സുരക്ഷാപ്രശ്നങ്ങളുടെ ആഴം വ്യക്തമാക്കുന്നു. ആറളം പുനരധിവാസ മേഖലയിൽ സംഭവിച്ച ആദ്യത്തെ മരണം 2014 ഏപ്രിൽ 14ന് മാധവി എന്ന സ്ത്രീ കൊല്ലപ്പെട്ടതാണ്.
ഏറ്റവും ഒടുവിലത്തെ ദുരന്തം, 2025 ഫെബ്രുവരി 23ന് കശുവണ്ടി ശേഖരിക്കാൻ പോയ വെള്ളി (80), ലീല (72) എന്ന വയോധിക ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവമാണ്. റാപ്പിഡ് റെസ്പോൺസ് ടീം (RRT) ഓഫീസിൽ നിന്ന് വെറും 600 മീറ്റർ അകലെയാണ് ഈ ദാരുണമായ സംഭവം നടന്നത്. ഈ സംഭവം പ്രദേശത്ത് വലിയ ജനരോഷത്തിന് കാരണമാവുകയും ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു.
നിയമപരമായ ഇടപെടലുകളും, ഭരണപരമായ പ്രതികരണങ്ങളും
ആറളം ഫാമിലെ വന്യജീവി ആക്രമണം രൂക്ഷമായതോടെ, സർക്കാർ തലത്തിലും നിയമതലത്തിലും ശക്തമായ പ്രതികരണങ്ങളുണ്ടായി. സർക്കാർ അടിയന്തര യോഗങ്ങൾ വിളിച്ചുചേർക്കുകയും പ്രശ്നം പരിഹരിക്കാൻ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ആനകളെ കാട്ടിലേക്ക് തുരത്താനും റാപ്പിഡ് റെസ്പോൺസ് ടീം ശക്തിപ്പെടുത്താനും 21 അംഗ പ്രത്യേക ടീം രൂപീകരിക്കാനും തീരുമാനമുണ്ടായി.
കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള 10-ഇന പരിപാടികളുടെ ഭാഗമായി, വനത്തിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, കാലിത്തീറ്റ, വെള്ളം എന്നിവ ഉറപ്പാക്കാൻ ‘വിത്തൂട്ട്’ പോലുള്ള പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചു. എന്നാൽ ഇതൊന്നും ഫലപ്രദമായി കോ-ഓർഡിനേറ്റ് ചെയ്യപ്പെട്ടിട്ടില്ല.
ഹൈക്കോടതിയുടെ ഇടപെടൽ
ആറളത്തെ അവസ്ഥയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ മനുഷ്യന്റെ മൗലികാവകാശ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം ‘ക്രോണിക് അഡ്മിനിസ്ട്രേറ്റീവ് ഹർഡിൽസ്’ആണെന്ന് കോടതി കണ്ടെത്തി. അതായത്, ഫാമിന്റെ നടത്തിപ്പും പുനരധിവാസ മേഖലയും വ്യത്യസ്ത വകുപ്പുകൾക്ക് (പട്ടികവർഗ വികസനം, കൃഷി, വനം) കീഴിലായതിനാൽ ഉണ്ടാകുന്ന ഏകോപനമില്ലായ്മയും കാലതാമസവുമാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അതിനാൽ, ഈ രണ്ട് മേഖലകളെയും ഒരു ഏകീകൃത ഭരണസംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു.
ആദിവാസി, കർഷക സംഘടനകളുടെ പ്രതിഷേധം
ഭരണപരമായ നിഷ്ക്രിയത്വത്തിനെതിരെയുള്ള ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു ആദിവാസി സംഘടനകളുടെ പ്രതിഷേധം. വെള്ളിയുടെയും ലീലയുടെയും മരണത്തിൽ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ ‘നരഹത്യക്ക്’ കേസ് ഫയൽ ചെയ്യുമെന്ന് ആദിവാസി-ദളിത് മുന്നേറ്റ സമിതിയും ആദിവാസി ഗോത്രമഹാസഭയും പ്രഖ്യാപിച്ചു. കർഷക സംഘടന പ്രതിനിധികൾ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു.
പുനരധിവാസ മിഷന്റെ ഭരണപരമായ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മരണത്തിന്റെ ഉത്തരവാദിത്വമുണ്ടെന്ന് സംഘടനകൾ ആരോപിച്ചു. പുനരധിവാസം നടന്നപ്പോൾ നിലവിലുണ്ടായിരുന്ന വൈദ്യുത വേലി സംരക്ഷിക്കപ്പെട്ടില്ലെന്നും ആവർത്തിച്ചുള്ള അഭ്യർഥനകൾ അധികാരികൾ അവഗണിച്ചെന്നും അവർ കുറ്റപ്പെടുത്തി.
ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത് ആറളത്തെ പ്രതിസന്ധി ഒരു പ്രാദേശിക പ്രശ്നം എന്നതിലുപരി, കേരളത്തിലെ വന്യജീവി ആക്രമണങ്ങളുടെ പൊതുവായ ചിത്രമാണെന്നാണ്. ഹൈക്കോടതിയുടെ ഇടപെടലും സർക്കാരിന്റെറെ പുതിയ നയരൂപീകരണ ശ്രമങ്ങളും ഈ പ്രശ്നത്തിന് ഒരു സംസ്ഥാനതല പരിഹാരം ആവശ്യമാണെന്ന് അടിവരയിടുന്നു.
സമഗ്ര പരിഹാരമാർഗങ്ങൾ
ആറളം ഫാമിനെ പുനരുജ്ജീവിപ്പിക്കാൻ സാമ്പത്തിക സഹായം മാത്രം പോരാ, മറിച്ച് ഘടനാപരമായതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ഒരു നയം ആവശ്യമാണ്.
കാർഷിക വൈവിധ്യവത്കരണം: ആനകൾ ഇവിടെ തമ്പടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫലവൃക്ഷങ്ങൾക്ക് പകരം മഞ്ഞൾ, ഇഞ്ചി, കറുവപ്പട്ട, കുരുമുളക് തുടങ്ങിയ സുഗന്ധവിളകൾ വ്യാപകമായി കൃഷി ചെയ്യുക.
മൂല്യവർധിത ഉത്പന്നങ്ങൾ
വിളവെടുക്കുന്ന മഞ്ഞൾ ശാസ്ത്രീയമായി സംസ്കരിച്ച് ‘ആറളം ഫാം ബ്രാൻഡ്’ ഉത്പന്നങ്ങളായി വിപണിയിൽ എത്തിക്കുക. ഇത് വരുമാനം വർധിപ്പിക്കാൻ സഹായിക്കും.
ഗോത്രശ്രീ പദ്ധതി
ആദിവാസി കർഷക ഉത്പാദന കമ്പനിയായ ‘ഗോത്രശ്രീ’യെ ശക്തിപ്പെടുത്തുക. ഇത് തൊഴിലാളികളെ ശക്തീകരിക്കാനും അവരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാനും സഹായിക്കും.
സുസ്ഥിര ടൂറിസം
പ്രകൃതിയുടെ സൗന്ദര്യവും കാർഷിക കാഴ്ചകളും സംയോജിപ്പിച്ച് സുസ്ഥിരമായ ഫാം ടൂറിസവും എക്കോ ടൂറിസവും പ്രോത്സാഹിപ്പിക്കുക. ഇത് പുതിയ വരുമാന സ്രോതസുകൾ തുറക്കും.
ആനമതിൽ നിർമാണം
ഭരണപരമായ കാലതാമസം ഒഴിവാക്കി, അതിർത്തിയിലെ 10.5 കിലോമീറ്റർ ആനമതിൽ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം.
പുനരധിവാസം
ചിതറിക്കിടക്കുന്ന ആദിവാസി വാസസ്ഥലങ്ങളെ ഫാമിനുള്ളിൽ തന്നെ സുരക്ഷിതമായ മേഖലകളിൽ കൂട്ടമായി പുനരധിവസിപ്പിക്കുന്നത് പരിഗണിക്കണം. ഇത് സംരക്ഷണം കൂടുതൽ എളുപ്പമാക്കും.
പ്രാദേശിക ഓഫീസ്
ആനുകൂല്യങ്ങൾക്കായി 60 കിലോമീറ്റർ അകലെയുള്ള കണ്ണൂർ ജില്ലാ ആസ്ഥാനത്തേക്ക് പോകുന്നത് ഒഴിവാക്കാൻ പ്രാദേശിക ട്രൈബൽ ഓഫീസ് സ്ഥാപിക്കുക.
വകുപ്പുകളുടെ ഏകോപനം
വനം, പട്ടികവർഗ വികസനം, കൃഷി വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിക്കാൻ ഏകീകൃത ഭരണസമിതിയെ നിയമിക്കുക.
ഈ നിർദേശങ്ങൾ നടപ്പാക്കുകയാണെങ്കിൽ, ആറളം ഫാം എന്ന വാഗ്ദത്ത ഭൂമിക്ക് അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനാകും. കൂടാതെ വന്യമൃഗ ആക്രമണങ്ങൾ ഇല്ലാതെ സ്വസ്ഥമായ ഒരു ജീവിതം നയിക്കാൻ അവിടത്തെ സമൂഹത്തിന് സാധിക്കുകയും ചെയ്യും.