ആറന്മുള വള്ളസദ്യ ആസ്വദിച്ച് ആയിരങ്ങള്‍
Monday, September 15, 2025 6:14 AM IST
ആറന്മുള: അഷ്ടമിരോഹിണി നാളില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടു നടന്ന വള്ളസദ്യയിലും സമൂഹസദ്യയിലും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
നാല്പതില്പരം വിഭവങ്ങളോടെയുള്ള സദ്യ ആസ്വദിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആളുകളുടെ തിരക്കുണ്ടായി. പമ്പാനദിയുടെ ഇരുകരകളിലായുള്ള അമ്പതോളം പള്ളിയോടങ്ങള്‍ ആചാരാനുഷ്ഠാനങ്ങളോടെ തുഴഞ്ഞെത്തി വള്ളസദ്യയിലും പങ്കാളികളായി. പള്ളിയോടങ്ങളിലെത്തിയവരെ ക്ഷേത്രക്കടവില്‍ സ്വീകരിച്ച് ക്ഷേത്രമുറ്റത്തേക്കാനയിച്ചു.
ശ്രീകൃഷ്ണ ജയന്തിദിനമായ ഇന്നലെ രാവിലെ മുതല്‍ ക്ഷേത്രത്തില്‍ തിരക്കായിരുന്നു. വള്ളസദ്യക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ച് വിശിഷ്ടാതിഥികളെ വഞ്ചിപ്പാട്ട് പാടി പള്ളിയോട സേവാസംഘം പ്രവര്‍ത്തകര്‍ സ്വീകരിച്ചു. മന്ത്രിമാരായ വി.എന്‍. വാസവന്, പി. പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്ക് ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള മുറ്റത്ത് വിഭവങ്ങള്‍ രാവിലെതന്നെ എത്തിച്ചിരുന്നു.
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള സദ്യാലയത്തില്‍ ഭക്തജനങ്ങള്‍ക്ക് സദ്യ വിളമ്പി. രാവിലെ 11.30ഓടെ ആരംഭിച്ച സദ്യ ഉച്ചകഴിഞ്ഞ് 3.30വരെ തുടര്‍ന്നു. അന്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെ നാല്പതില്പരം വിഭവങ്ങളോടെയാണ് ആറന്മുള സദ്യ തയാറാക്കി നല്‍കിയത്. ആറന്മുള പള്ളിയോട സേവാസംഘമാണ് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.