ലക്ഷങ്ങളുടെ വീസ തട്ടിപ്പ്: പ്രതി ബംഗളുരുവില്‍ അറസ്റ്റില്‍
Monday, September 15, 2025 6:14 AM IST
കാഞ്ഞങ്ങാട്: കാസര്‍ഗോഡും സംസ്ഥാനത്തെ വിവിധ ജില്ലകളിലും നിരവധിപേര്‍ക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി ബംഗളുരുവില്‍ പിടിയിൽ. തൃശൂര്‍ അഷ്ടമിച്ചിറ സ്വദേശി പി.ബി. ഗൗതംകൃഷ്ണയെയാണ് (25) ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ജര്‍മനിയിലേക്കു ജോലി വാഗ്ദാനം ചെയ്ത് വീസ നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച് നിരവധി യുവാക്കളില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ 30 ഓളം പേരില്‍നിന്നുമായി 60 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുക്കുകയും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞു കബളിപ്പിക്കുകയുമായിരുന്നു.
പണം നല്‍കിയവര്‍ക്ക് കൃത്യമായ മറുപടി ലഭിക്കാതെയായതിനെ ത്തുടര്‍ന്നാണ് പോലീസില്‍ പരാതിയെത്തിയത്.