കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ
Saturday, October 12, 2024 1:48 AM IST
കോഴിക്കോട്: കോഴിക്കോട് മുചുകുന്നില്‍ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരേയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി.
“ഓര്‍മയില്ലേ ഷുക്കൂറെ, ഞങ്ങടെ നേരെ വന്നപ്പോള്‍... ഇല്ലാതായത് ഓര്‍ക്കുന്നില്ല...” എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ചത്.
കഴിഞ്ഞ ദിവസം കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുചുകുന്നിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പോലീസിന്റെ മുന്നില്‍വച്ച് ഡിവൈഎഫ്ഐക്കാരുടെ പ്രകോപനപരമായ മുദ്രാവാക്യം വിളി. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു.
“കയ്യും കാലും വെട്ടിയരിഞ്ഞ് പാണക്കാട്ടെ വീട്ടിലേക്ക് പാഴ്സൽ അയച്ചുകളയും...” എന്ന കൊലവിളി മുദ്രാവാക്യവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഴക്കുന്നത് വീഡിയോയിലുണ്ട്. സംഘര്‍ഷത്തിൽ എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.