അൻവറിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും
Saturday, September 7, 2024 2:15 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറും സസ്പെൻഷനിലായ എസ്പി സുജിത് ദാസും ഉൾപ്പെടെയുള്ളവർക്കെതിരേ പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലുള്ള മൊഴിയെടുപ്പ് ഇന്നു തുടങ്ങും.
ആരോപണം ഉന്നയിച്ച പി.വി. അൻവറിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നു രേഖപ്പെടുത്തും. അന്വേഷണ സംഘത്തിലെ തൃശൂർ റേഞ്ച് ഡിഐജിയാകും അൻവറിന്റെ മൊഴിയെടുക്കുക. അൻവറിന്റെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാകും തുടർ നടപടികളിലേക്കു കടക്കുക.
ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതെന്നു വിമർശനം ഉയർന്ന രാമനാട്ടുകര സ്വർണക്കടത്തു കേസ്, കസ്റ്റഡി മരണ കേസ് തുടങ്ങിയവയുടെ കേസ് ഡയറി പരിശോധിക്കാനുള്ള നടപടിയും പ്രത്യേക അന്വേഷണസംഘം തുടങ്ങി.
ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഈ കേസ് അന്വേഷണത്തിന്റെകൂടി അടിസ്ഥാനത്തിലാകും തുടരന്വേഷണം തീരുമാനിക്കുക.
എനിക്കു റിപ്പോർട്ട് ചെയ്യേണ്ടതില്ല: അജിത് കുമാർ
തിരുവനന്തപുരം: അന്വേഷണം തീരുന്നതുവരെ തനിക്കു കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ തനിക്കു റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന വിചിത്ര നിർദേശവുമായി എഡിജിപി എം.ആർ. അജിത് കുമാർ.
സാധാരണയായി ഇത്തരം നിർദേശം നൽകാനുള്ള അധികാരം ആഭ്യന്തര വകുപ്പിനോ സംസ്ഥാന പോലീസ് മേധാവിക്കോ മാത്രമുള്ളതാണെന്നിരിക്കേയാണ് എഡിജിപിയുടെ അസാധാരണ നടപടി. അന്വേഷണം അവസാനിക്കുന്നതു വരെ ക്രമസമാധാന കാര്യങ്ങൾ തന്നോട് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നു കാട്ടിയാണ് എം.ആർ. അജിത് കുമാർ രേഖാമൂലം കീഴുദ്യോഗസ്ഥർക്കു കത്ത് നൽകിയത്.
തിരുവനന്തപുരം റേഞ്ച് ഐജി ജി. സ്പർജൻകുമാർ, തൃശൂർ റേഞ്ച് ഡിഐജി. തോംസണ് ജോസ് തുടങ്ങിയവർക്കാണ് തന്റെ നിലപാട് വ്യക്തമാക്കി കത്ത് നൽകിയത്.
അതേസമയം, ക്രമസമാധാനപാലന ചുമതലയിൽനിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണു സൂചന.