വൈസ് ചാന്‍സലര്‍മാരുടെ നിയമനം; ഗവർണർ ഹൈക്കോടതിയിലേക്ക്
Wednesday, May 22, 2024 1:34 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും സര്‍വകലാശാലകളും നിസഹകരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്. സംസ്ഥാനത്തെ ഭൂരിഭാഗം സര്‍വകലാശാലകളിലും സ്ഥിരം വൈസ്ചാന്സലര്മാരില്ലാത്ത സാഹചര്യത്തില്‍ ഇവരെ നിയമിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
വൈസ് ചാന്‍സലര്‍ നിയമനത്തിന് യുജിസി നിര്‍ദേശാനുസരണം രൂപീകരിക്കേണ്ട സേര്‍ച്ച് കമ്മിറ്റിയില്‍ മൂന്നു പ്രതിനിധികളാണ് ഉണ്ടാകേണ്ടത്. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറുടെ പ്രതിനിധി, യുജിസി പ്രതിനിധി, സര്‍വകലാശാല നോമിനി എന്നിവരാണ് ഉണ്ടാകേണ്ടത്.
ഇതില്‍ സര്‍വകലാശാല നോമിനിയെ നിശ്ചയിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു സര്‍വകലാശാലകള്‍ക്ക് രാജ്ഭവന് നിരന്തരം കത്തു നല്‍കിയിട്ടും നിര്‍ദേശം പാലിക്കപ്പെടാത്തതാണു വിസി നിയമനത്തിന് തടസമാകുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് സര്‍വകലാശാലകള്‍ യുജിസി പ്രതിനിധിയെ നല്‍കാതെ നിയമന നടപടികള്‍ തടസപ്പെടുത്തുന്നതെന്നാണു രാജ്ഭവന് വിലയിരുത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ സേര്‍ച്ച് കമ്മിറ്റിയിലെ രണ്ടു പ്രതിനിധികളെ വച്ചു വിസി നിയമനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായിട്ടാകും രാജ്ഭവന് കോടതിയെ സമീപിക്കുക. യുജിസി നോമിനിയും ചാന്‍സലറുടെ പ്രതിനിധിയും ഉള്‍പ്പെടുന്ന സേര്‍ച്ച് കമ്മിറ്റി വഴി വിസി നിയമനത്തിന് അനുമതി നല്‍കണമെന്ന ആവശ്യമാകും ഉന്നയിക്കുക.
കോടതിയുടെ അനുമതി ലഭിച്ചാല്‍ വിസി നിയമനത്തിലേക്കു കടന്ന് ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മൂന്നു സര്‍വകലാശാലകളില്‍ മാത്രമാണ് സ്ഥിരം വൈസ് ചാന്സലര്മാരുള്ളത്. ആരോഗ്യം, കാലിക്കറ്റ്, ഡിജിറ്റല്‍ സര്‍വകലാശാലകളിലാണ് സ്ഥിരം വിസിമാരുള്ളത്.
മൂന്നു വിസിമാരെ അയോഗ്യരാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍, നിയമോപദേഷ്ടാവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് കോടതിയെ സമീപിക്കുന്ന കാര്യം ചര്‍ച്ചയ്ക്ക് എത്തിയത്.
എന്നാല്‍, കേരള സര്‍വകലാശാലയില്‍ ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കിയ സാഹചര്യത്തില്‍ പുതിയ ആവശ്യവുമായി വീണ്ടും കോടതിയെ സമീപിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.