ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി യുവാവ് മരിച്ചു
Sunday, September 14, 2025 2:01 AM IST
ഗാന്ധിനഗര്‍:കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രിയിലെ സര്‍ജറി ബ്ലോക്കിന്റെ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി മരിച്ചു. എരുമേലി മൂക്കന്‍പെട്ടി കാലായിപ്പറമ്പില്‍ മോഹനന്റെ മകന് സുമേഷ് കുമാര്‍ (27) ആണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലരയോടെ ആശുപത്രിയിലെ പുതിയ ജനറല്‍ സര്‍ജറി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് യുവാവ് ചാടിയത്.
മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ ഉദര രോഗംമൂലം കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് സു മേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദന സഹിക്കാന്‍ വയ്യാതായതോടെ നാലാം നിലയില്‍ ഡോക്ടര്‍മാര്‍ ഇരിക്കുന്ന മുറികളുടെ ഇടനാഴിയിലൂടെ എത്തി ജനല്‍ വഴി താഴേക്കു ചാടുകയായിരുന്നു. താഴെ വീണ ഉടന്‍ സുരക്ഷാ ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. മാതാവ്: ഓമന. സഹോദരങ്ങള്‍:രമ്യ, രതീഷ്.