"തോറ്റവരെ കളിയാക്കരുത്'; മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
Sunday, September 14, 2025 2:01 AM IST
തലശേരി: ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ എഴുതിയ ‘ജീവിതപാഠം’ഫേസ്ബുക്കിൽ പങ്കുവച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
പരീക്ഷയിലെ ചോദ്യത്തിന് തലശേരി ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസുകാരനായ വിദ്യാർഥി നൽകിയ കൗതുകമുണർത്തുന്നതും വലിയ സന്ദേശമുൾക്കൊള്ളുന്നതുമായ ഉത്തരമാണ് മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിന് വിദ്യാർഥിയായ അഹാൻ അനൂപ് നൽകിയ മറുപടിയാണ് മന്ത്രിയുടെ ശ്രദ്ധയാകർഷിച്ചത്.
ബലൂൺ ചവിട്ടിപ്പൊട്ടിക്കൽ മത്സരത്തിന്റെ നിയമാവലി നൽകിയ ശേഷം സമാനമായി വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാൻ തയാറാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങൾക്ക് പിന്നാലെ അഞ്ചാമതായാണ് ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നുകൂടെ അഹാൻ എഴുതിയിരിക്കുന്നത്.
തോൽവിയെന്തന്നറിയാതെ വളരുന്ന വിദ്യാർഥി സമൂഹത്തിന് ചെറിയൊരു തോൽവിപോലും താങ്ങാൻ കഴിയുന്നില്ലെന്നിരിക്കെയാണ് ഈ കൊച്ചു മിടുക്കന്റെ ഇമ്മിണി വല്യ ഉത്തരം. തോൽക്കുന്നവരുടെ മാനസികാവസ്ഥ കൂടി ഉൾക്കൊള്ളാൻ സമൂഹത്തിന് കഴിയണമെന്നാണ് അഹാന്റെ ഉത്തരം നൽകുന്ന സന്ദേശം.
പന്തക്കലിലെ മേഘമൽഹാറിൽ അനൂപ് കുമാറിന്റെയും മാധ്യമ പ്രവർത്തക നിമ്യ നാരായണന്റെയും ഏക മകനാണ് അഹാൻ. ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.... ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ മൂന്നാം ക്ലാസുകാരന് അഭിവാദ്യങ്ങൾ അഹാൻ അനൂപ്, തലശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി സ്കൂൾ. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നത്...എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.