ശബരിമല സ്വര്‍ണപ്പാളി: മഹസറും രജിസ്റ്ററും ഹാജരാക്കണമെന്നു ഹൈക്കോടതി
Saturday, September 13, 2025 2:28 AM IST
കൊച്ചി: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയതു സംബന്ധിച്ച് ആറന്മുളയിലെ തിരുവാഭരണം കമ്മീഷണറുടെ ഓഫീസിലുള്ള മഹസറും രജിസ്റ്ററുകളും അടിയന്തരമായി പിടിച്ചെടുത്തു ഹാജരാക്കാന്‍ ദേവസ്വം വിജിലന്‍സ് ചീഫ് പോലീസ് സൂപ്രണ്ടിനു ഹൈക്കോടതി നിര്‍ദേശം നല്കി.
ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ ഫയലുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു നിര്‍ദേശം. ഇലക്ട്രോപ്ലേറ്റിംഗിനായി ചെന്നൈ ആമ്പട്ടൂരിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെയെത്തിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ബോര്‍ഡ് കഴിഞ്ഞദിവസം അറിയിച്ചു. ഇളക്കിയ സ്വര്‍ണം ഉരുക്കി സയനൈഡ് ലായനിയില്‍ മുക്കിയിരിക്കുകയാണ്.
പാളികള്‍ 12 കഷണങ്ങളാക്കിയാണു പോളിഷിംഗ് നടക്കുന്നത്. ഈ രീതിയില്‍ കൊണ്ടുവന്നാല്‍ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. മുന്‍ ഉത്തരവില്‍ ബോര്‍ഡ് ഭേദഗതി ചോദിച്ചെങ്കിലും കോടതി കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.
ഫയലുകള്‍ പരിശോധിച്ചതില്‍ സംശയങ്ങള്‍ ഉയര്‍ന്നതിനാലാണിത്. സ്മാര്‍ട്ട് ക്രിയേഷന്‍സിനെയും സ്പോണ്‍സറായ ബംഗളൂരു ശ്രീരാമപുരത്തെ ഉണ്ണിക്കൃഷ്ണന് പോറ്റിയെയും കേസില്‍ കക്ഷിചേര്‍ത്തു.
ശബരിമല സ്പെഷല്‍ കമ്മീഷണറെ മുന്‍കൂട്ടി അറിയിക്കാതെ പാളികള്‍ ഇളക്കി കൊണ്ടുപോയതില്‍ സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റീസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.