ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ശതാബ്ദി ആഘോഷം തുടങ്ങി
Sunday, September 14, 2025 2:01 AM IST
പൊന്നാനി: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷത്തിന് പൊന്നാനി നടുവട്ടം കരുവാട്ട്മനയിൽ തുടക്കമായി. ‘എത്രയും ചിത്രം ചിത്രം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കിയത്.
ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം നമ്പൂതിരിയുടെ ചിത്രത്തിന് മുമ്പിൽ നടത്തിയ പുഷ്പാർച്ചനയോടെയായിരുന്നു. സംഗീതകാരൻ ശ്രീവത്സൻ ജെ. മേനോൻ സംഗീതാർച്ചന നടത്തി. പനമണ്ണ ശശി, ഭാരതരാജൻ എന്നിവരുടെ കേളി ഉണ്ടായിരുന്നു. ചടങ്ങിൽ എം.എം. നാരായണൻ അധ്യക്ഷത വഹിച്ചു.
കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ഭാരവാഹികളായ കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്സൺ സുധീർനാഥ്, ബിനുരാജ് കലാപീഠം, പ്രശസ്ത നിരൂപകൻ എൻ.ഇ സുധീർ, ചലച്ചിത്രകാരൻ അരവിന്ദന്റെ മകൻ രാമു അരവിന്ദൻ എന്നിവർ പ്രസംഗിച്ചു. നമ്പൂതിരിയുടെ മകനും ട്രസ്റ്റ് അംഗവുമായ കെ.എം. വാസുദേവൻ നന്ദി പറഞ്ഞു.
15ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാ ചിത്രങ്ങളുടെ ഒറിജിനലുകൾ സർക്കാരിനു വേണ്ടി സാംസ്കാരികമന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങും. നിയമസഭാ സമുച്ചയത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ഭാരവാഹികളും കേരള ലളിതകലാ അക്കാദമി ഭാരവാഹികളും പങ്കെടുക്കും.