വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 17കാരന് രോഗം സ്ഥിരീകരിച്ചു
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പൂവാര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിദ്യാര്‍ഥി കുളിക്കാന്‍ ഇറങ്ങിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂള് ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകളും ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 16നാണ് സുഹൃത്തുക്കളോടൊപ്പം വിദ്യാര്‍ഥി സ്വിമ്മിംഗ് പൂളില്‍ കുളിച്ചത്. പിന്നാലെ കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു.
പനിയും തലവേദനയും ശക്തമായതോടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ഥി. കഴിഞ്ഞ ദിവസമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് 17കാരനായ വിദ്യാര്‍ഥി. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.