അധികഭൂമിക്ക് കൈവശരേഖ, ചന്ദനം വെട്ടാനും മരമടിക്കും ബില്ലായി
Sunday, September 14, 2025 2:01 AM IST
ഡിജിറ്റൽ സർവേയിലെ അധിക ഭൂമിക്ക് കൈവശാവകാശരേഖ നൽകാൻ ബിൽ
തിരുവനന്തപുരം: ഡിജിറ്റൽ റീ സർവേയിൽ ഒരാളിൽ നിന്നു നഷ്ടപ്പെട്ടു മറ്റൊരാൾക്ക് ലഭിക്കുന്ന അധിക ഭൂമി ക്രമപ്പെടുത്തി കൈവശ രേഖ നൽകുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഭൂമി നഷ്ടമാകുന്നവർക്കു പരാതിയില്ലെന്നു വ്യക്തമാകുന്ന സാഹചര്യത്തിലാണ് അധികഭൂമി ക്രമപ്പെടുത്തി നൽകാൻ ബില്ലിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നത്.
നിലവിലുള്ള റവന്യൂ രേഖയിൽ നിശ്ചിത അളവ് രേഖപ്പെടുത്തിയും റീസർവേ റിപ്പോർട്ട് പ്രകാരം തർക്കമില്ലാത്ത അധിക ഭൂമി കണ്ടെത്തുകയും ചെയ്താൽ അതിനുകൂടി കൈവശ രേഖ നൽകുന്ന വിധത്തിലാണ് ’2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവത്കരണ ബിൽ’ റവന്യൂ വകുപ്പ് കൊണ്ടുവന്നത്. ഇതിന്റെ കരടിന് ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകി.
അതേസമയം ക്രമവത്കരിച്ചു കൊടുക്കുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കും. ഈടാക്കേണ്ട ഫീസിന്റെ കാര്യത്തിലും ചട്ടത്തിൽ വ്യവസ്ഥകൾ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. കണ്ടെത്തുന്ന അധിക ഭൂമി സർക്കാർ ഭൂമിയോട് ചേർന്നാകരുത്, പട്ടയഭൂമിയാകാൻ പാടില്ല, കൃത്യമായ അതിർത്തി വേണം, തർക്കങ്ങളുണ്ടാകാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ടാകും.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ പകുതിയിലും ഇത്തരത്തിൽ അധികഭൂമി കണ്ടെത്തിയിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരം ഒടുക്കാൻ അനുമതി നൽകാൻ വ്യവസ്ഥ കൊണ്ടുവരുന്നത്.
റവന്യൂ വകുപ്പ് കരം സ്വീകരിക്കുന്നുവെന്നതിനാൽ ഉടമസ്ഥത അവകാശപ്പെടാനാകില്ലെന്ന കോടതി വിധികളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇത്.
കന്നുപൂട്ട്, മരമടി മത്സരങ്ങൾ നടത്താൻ നിയമഭേദഗതി
തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ വീണ്ടും നടത്തുന്നതിന് നിയമഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.
1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ കേന്ദ്രനിയമത്തിൽ ദേദഗതി വരുത്താനുള്ള കരട് ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്.
സുപ്രീംകോടതി തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ചതിനു പിന്നാലെ തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ട് പുനഃസ്ഥാപിക്കാൻ നിയമനിർമാണം നടത്തിയിരുന്നു. ഇതേ മാതൃകയിലുള്ള നിയമ നിർമാണമാണ് കേരളവും കൊണ്ടുവരുന്നത്.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചതിന്റെ തുടർച്ചയായാണ് കേരളത്തിൽ മരമടിയും കാളപൂട്ടും നിന്നുപോയത്. കാർഷികോത്സവത്തിന്റെ ഭാഗമായുള്ള ഇവ പുനരാരംഭിക്കാനായി നേരത്തേ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും കേന്ദ്രനിയമത്തിലെ ഭേദഗതിക്ക് അനുമതി ലഭിച്ചില്ല.
രാഷ്ട്രപതിയുടെ അനുമതിയോടെ നിയമനിർമാണം നടത്തിയാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പുനരാരംഭിച്ചത്. കേന്ദ്രനിയമത്തിന്റെ ഭേദഗതിയായതിനാൽ നിയമസഭ പാസാക്കിയാലും രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ മത്സരങ്ങൾ പുനരാരംഭിക്കാനാകൂ.