ക്രൈസ്തവ മിഷനറിമാർക്കെതിരേ വിഷംചീറ്റി ആർഎസ്എസ് പ്രസിദ്ധീകരണം
Sunday, September 14, 2025 2:01 AM IST
കോട്ടയം: ക്രൈസ്തവ മിഷനറിമാർക്കെതിരേ വിഷംചീറ്റുന്ന ലേഖനവുമായി ആർഎസ്എസ് പ്രസിദ്ധീകരണം.
മതപരിവര്‍ത്തനശക്തികള്‍ പ്രേഷിത വേലയുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെ എതിര്‍ക്കാനും ബാധിക്കപ്പെടുന്ന സമൂഹത്തിന് അത്തരം ശ്രമങ്ങളെ ചെറുതുതോല്പ്പിക്കാന് കരുത്തുന്നുണ്ടെന്നതും അവര്‍ മറക്കുകയാണെന്ന് “കേസരി” വാരികയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു എഴുതിയ “ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍’’ എന്ന ലേഖനത്തിൽ പറയുന്നു.
രഹസ്യമായി തുടര്‍ന്നു വന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യ കടത്ത് കുറ്റകൃത്യങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിലൂടെയാണ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരും ഇടപെട്ടതിന് നീതീകരണമില്ല. അത് നിയമവിരുദ്ധവും ഇരകള്‍ക്ക് നീതി നിഷേധിക്കലും ആണ്.
പോലീസ് അന്വേഷണത്തില്‍ ഇടപെടുകയും കോടതികളില്‍ ബാഹ്യ ഇടപെടല്‍ നടത്തുകയും ചെയ്യുന്നതിലൂടെ ഇന്ത്യന്‍ ജുഡീഷറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തുകയാണ്. ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്ന് ലേഖനത്തിൽ പറയുന്നു.
ഭാരത സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും വരുതിയിലാക്കിയ സഭാ നേതൃത്വം ഹിന്ദു സമാജത്തെയും ദേശീയ നേതൃത്വത്തെയും തെരുവില്‍ വെല്ലുവിളിക്കുകയാണ്. കേവലം കന്യാസ്ത്രീകളെ ജാമ്യത്തില്‍ ഇറക്കുക എന്ന ആവശ്യത്തില്‍ നിന്നും മതപരിവര്‍ത്തന നിരോധന നിയമം റദ്ദ് ചെയ്യണമെന്ന സഭയുടെ ആത്യന്തിക ലക്ഷ്യവുമായി അവര്‍ പ്രസ്താവനകളിലൂടെ രംഗത്ത് വന്നുകഴിഞ്ഞുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. വാസ്തവവിരുദ്ധവും പ്രകോപനപരവും ആക്ഷേപകരവുമായ വാദഗതികളാണ് ലേഖനത്തിലുടനീളം.
1951ല്‍ കേരളത്തിൽ ക്രിസ്ത്യാനികള്‍ 20.8 ശതമാനമായിരുന്നത് 2011ൽ 18.4 ശതമാനമായി കുറഞ്ഞെന്നു സമ്മതിക്കുന്ന ലേഖനം വിചിത്രമായ കാരണമാണ് നിരത്തുന്നത്.