പണം ഈടാക്കി പരസ്യബോർഡുകൾ സ്ഥാപിക്കാൻ നിയമഭേദഗതി
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന പ്രദേശങ്ങളിൽ പണം ഈടാക്കി പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന്റെ കരടിന് ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം അനുമതി നൽകി.
റോഡ് അരികുകളിലെ ഫ്ളക്സുകൾക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്കു വരുമാനവും സ്ഥാപനങ്ങൾക്കു പരസ്യവും നൽകാൻ പഞ്ചായത്ത് രാജ്, മുൻസിപ്പൽ ആക്ടിൽ ഭേദഗതി വരുത്താനുള്ള കരടിന് രൂപം നൽകിയത്.
ഇതുസംബന്ധിച്ച ഭേദഗതി ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ബിൽ നിയസഭ പാസാക്കിയ ശേഷം ചട്ടഭേദഗതിയിലൂടെ ആവും നിരക്കുകളും മറ്റും നിശ്ചയിക്കുക.
അലക്ഷ്യമായി പരസ്യബോർഡുകൾ സ്ഥാപിച്ച് വാഹനങ്ങൾക്കും കാൽനടക്കാർക്കുമടക്കം ബുദ്ധിമുട്ടും അപകടങ്ങളുമുണ്ടാകുന്ന സാഹചര്യത്തിലാണ് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്.