യുവാവിനെ കെട്ടിത്താഴ്ത്തിയ കേസ്: രണ്ടാം പ്രതി ആന്ധ്രയിൽ പിടിയിൽ
Sunday, September 14, 2025 2:01 AM IST
കോഴിക്കോട്: ആറുവര്‍ഷം മുന്‍പ് എലത്തൂര്‍ സ്വദേശി കെ.ടി. വിജിലിനെ സരോവരം തണ്ണീര്‍ത്തടത്തില്‍ കെട്ടിത്താഴ്ത്തിയ കേസിലെ രണ്ടാംപ്രതി പിടിയില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി രഞ്ജിത്ത് (39) ആണ് ഇന്നലെ രാവിലെ പിടിയിലായത്.
ആന്ധ്രയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തല്‍ കെ.കെ.നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവര്‍ നേരത്തേ പോലീസ് പിടിയിലായിരുന്നു. ഇവരില്‍നിന്നു ലഭിച്ച നിര്‍ണായക മൊഴിയാണ് രണ്ടാം പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
വിജിലിനെ കെട്ടിത്താഴ്ത്തുന്നതുള്പ്പെടെയുള്ള കൃത്യങ്ങളില്‍ രഞ്ജിത്ത് നേരിട്ട് പങ്കാളിയായിരുന്നു.വിജിലിന്റെ സുഹൃത്ത് കൂടിയാണിയാള്‍. കൂട്ടുപ്രതികള്‍ അറസ്റ്റിലായപ്പോള്‍ ബംഗളൂരുവിലായിരുന്ന ഇയാള്‍ പിന്നീട് കളന്നുകളയുകയായിരുന്നു. അസ്ഥികള്‍ പോലീസ് കണ്ടെടുത്തു എന്നറിഞ്ഞതോടെ ആന്ധ്രയിലേക്ക് മാറുകയായിരുന്നു. സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പടിയിലായത്.
വെള്ളിയാഴ്ച സരോവരത്തെ ചതുപ്പില്‍ നടത്തിയ തെരച്ചിലില്‍ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയും പിടിയിലാകുന്നത്. ചതുപ്പില്‍ പരിശോധന ആരംഭിച്ച് എട്ടാം ദിവസമാണ് അന്വേഷണസംഘത്തിന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചുതുടങ്ങിയത്. തലയോട്ടിയൊഴികെ 53 അസ്ഥികളാണ് ലഭിച്ചത്. മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലുകളും കയറും മരിച്ചസമയത്ത് ധരിച്ചതായി കരുതുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്തു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഡിഎന്‍എ പരിശോധനകൂടി പൂര്‍ത്തിയാക്കിയാലേ ലഭിച്ച അസ്ഥികള്‍ വിജിലിന്റെതാണെന്ന് ഉറപ്പിക്കാനാകൂ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അസ്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ തലയോട്ടി ലഭിച്ചിട്ടില്ലെങ്കിലും കുറ്റപത്രവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം.